Skip to content

ഇനി പന്ത് പെറുക്കാൻ കളിക്കാരും, സമയനഷ്ടം ഒഴിവാക്കാൻ പുതിയ തന്ത്രവുമായി ഓസ്ട്രേലിയൻ ടീം

ഐസിസി ടി20 ലോകകപ്പിൽ സമയനഷ്ടം കൊണ്ടുള്ള പെനാൽറ്റി ഒഴിവാക്കാൻ പുതിയ തന്ത്രവുമായി നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയൻ ടീം.

പുതിയ ഐസിസി നിയമപ്രകാരം 85 മിനിറ്റിനുള്ളിൽ ബൗളിങ് ടീം 20 ഓവർ പൂർത്തിയാക്കിരിക്കണം. ടി20 ക്രിക്കറ്റിൽ 6 ഓവർ നീണ്ട പവർപ്ലേയ്ക്ക് ശേഷം ബൗണ്ടറി ലൈനിൽ അഞ്ച് ഫീൽഡർമാരെ നിർത്തുവാൻ ബൗളിങ് ടീമിന് സാധിക്കും. എന്നാൽ അനുവദിച്ച സമയത്തിനുള്ളിൽ 20 ഓവർ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഒരു ഫീൽഡർ 30 യാർഡ് സർക്കിളിലേക്ക് ടീമിന് പിൻവലിക്കേണ്ടിവരും.

ടി20 ക്രിക്കറ്റിൽ ഓരോ ബോളും പ്രധാനപെട്ടതായതിനാൽ അവസാന ഓവറിലെ ഒരു ഫീൽഡറുടെ കുറവ് ബൗളിങ് ടീമിന് കനത്ത തിരിച്ചടിയായിരിക്കും. ഇതുവഴി കൂടുതൽ ബൗണ്ടറികൾ നേടാനുള്ള അവസരവും എതിർടീമിന് ലഭിക്കും. ഈയൊരു തിരിച്ചടി ഒഴിവാക്കാൻ വേണ്ടിയാണ് പുതിയ തന്ത്രം ഓസ്ട്രേലിയ ഒരുക്കിയിരിക്കുന്നത്.

ഇതുവഴി പ്ലേയിങ് ഇലവനിൽ ഇല്ലാത്ത കളിക്കാരും സപ്പോർട്ട് സ്റ്റാഫും ബൗണ്ടറിയാകുന്ന പന്തുകൾ വേഗത്തിൽ തന്നെ കൈക്കലാക്കി ഫീൽഡർമാർക്ക് നൽകും. ഫീൽഡിങ് നിയന്ത്രണങ്ങളുള്ള പവർപ്ലേയിൽ ഇതുവഴി സമയം നഷ്ടപെടുത്തുന്നത് തടയാൻ ടീമിന് സാധിക്കും. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലടക്കം ഇക്കാര്യം ഓസ്ട്രേലിയൻ ടീം പരീക്ഷിച്ചിരുന്നു.

ഒക്ടോബർ 22 ന് കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ ന്യൂസിലൻഡുമായാണ് നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയുടെ ആദ്യ മത്സരം. മത്സരം ആരംഭിക്കുന്നത് മുൻപേ തന്നെ ടീമിൽ മാറ്റങ്ങൾ ഓസ്ട്രേലിയ വരുത്തി. പരിക്കേറ്റ വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലീസിന് പകരക്കാരനായി കാമറോൺ ഗ്രീനിനെ ആതിഥേയർ ടീമിൽ ഉൾപെടുത്തി.