Skip to content

ഇന്ത്യയുടെ പിന്മാറ്റം പ്രത്യാഘാതങ്ങളുണ്ടാക്കും, മുന്നറിയിപ്പുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

പാകിസ്ഥാനിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കില്ലെന്നും പകരം നൂട്രൽ വേദി ആവശ്യപെടുമെന്നുള്ള ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയോട് ഔദ്യോഗികമായി പ്രതികരിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ജയ് ഷായുടെ പ്രസ്താവനയിൽ ഞെട്ടലും നിരാശമുണ്ടെന്ന് പ്രതികരിച്ച പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഈ പ്രസ്താവന കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും നൽകി.

” അടുത്ത വർഷത്തെ ഏഷ്യ കപ്പ് നൂട്രൽ വേദിയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് എ സി സി പ്രസിഡൻ്റ് ജയ് ഷാ ഇന്നലെ നടത്തിയ പരാമർശത്തിൽ പി സി ബി ആശ്ചര്യവും നിരാശയും രേഖപ്പെടുത്തുന്നു. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ ബോർഡുമായോ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായോ യാതൊരു ചർച്ചയും നടത്താതെ ദീർഘകാല പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാതെയാണ് ഇത്തരമൊരു പരാമർശം ഉണ്ടായിരിക്കുന്നത്. ”

” പാകിസ്ഥാന് ഏഷ്യ കപ്പ് അനുവദിച്ച എ സി സി മീറ്റിങിൽ അദ്ധ്യക്ഷത വഹിച്ച ശേഷം ഏഷ്യ കപ്പ് പാകിസ്ഥാനിൽ നിന്നും മാറ്റുമെന്ന ജയ് ഷായുടെ പ്രസ്താവന തികച്ചും ഏകപക്ഷീയമാണ്. 1983 ൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ രൂപീകരിച്ച തത്വശാസ്ത്രത്തിനും ആത്മാവിനും വിരുദ്ധമായ പരാമർശമാണിത്. “

” ജയ് ഷായുടെ ഈ പ്രസ്താവന ഏഷ്യ, അന്തർദേശീയ ക്രിക്കറ്റ് കമ്യൂണിറ്റികൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ അടുത്ത വർഷം നടക്കുന്ന ഐസിസി ഏകദിന ലോകകപ്പിനെയും 2024-31 സർക്കിളിൽ ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഭാവി ഐസിസി ടൂർണമെൻ്റുകളെയും ഇത് ബാധിക്കും. ” ഔദ്യോഗിക പ്രസ്താവനയിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി.