Skip to content

ഇന്ത്യയുടെ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് പാകിസ്ഥാൻ, ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് ബഹിഷ്കരിച്ചേക്കും

അടുത്ത വർഷം പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ കളിക്കില്ലെന്നും ന്യൂട്രൽ വേദി ആവശ്യപെടുമെന്നുള്ള ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ പ്രസ്താവനയിൽ അതൃപ്തി അറിയിച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയ്ക്ക് മറുപടി നൽകുവാൻ കടുത്ത തീരുമാനങ്ങൾ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് എടുത്തേക്കും.

അടുത്ത വർഷം ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിൽ നിന്നും പിന്മാറിയേക്കുമെന്നും ഒപ്പം ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിൽ നിന്നും രാജിവെക്കുന്നതടക്കമുള്ള കടുത്ത തീരുമാനം പാക് ക്രിക്കറ്റ് കൈക്കൊള്ളുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഐസിസിയും ഏഷ്യ ക്രിക്കറ്റ് കൗൺസിലും നടത്തുന്ന ടൂർണമെൻ്റുകളിൽ ഇന്ത്യയ്ക്കെതിരെ പാകിസ്ഥാൻ കളിച്ചില്ലെങ്കിൽ അത് സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് തങ്ങൾക്കറിയാമെന്നും അതുകൊണ്ട് കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാൻ തന്നെയാണ് പാക് ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.

2008 ൽ നടന്ന ഏഷ്യ കപ്പിലാണ് ഇന്ത്യ അവസാനമായി പാകിസ്ഥാനിൽ കളിച്ചത്. പിന്നീട് ശ്രീലങ്കൻ ടീമിനെതിരെ നടന്ന തീവ്രവാദ ആക്രമണത്തിന് ശേഷം ഇന്ത്യ അടക്കമുള്ള ടീമുകൾ പാകിസ്ഥാനിൽ കളിക്കുന്നതിൽ നിന്നും പിന്മാറി. ഒടുവിൽ ഓസ്ട്രേലിയയും ഇംഗ്ലണ്ടും ന്യൂസിലൻഡും അടക്കമുളള ടീമുകൾ പാകിസ്ഥാനിൽ എത്തിയെങ്കിലും ഇന്ത്യ കളിക്കില്ലെന്നുള്ള തീരുമാനം കടുത്ത അസംതൃപ്തിയാണ് പാകിസ്ഥാനിൽ ഉണ്ടാക്കിയിരിക്കുന്നത്. ഇനിയും ഒരു വർഷം കൂടെ ശേഷിക്കെയുള്ള ജയ് ഷായുടെ ഈ പ്രസ്താവന അപക്വമാണെന്ന് ഷാഹിദ് അഫ്രീദി അടക്കമുള്ള താരങ്ങൾ ചൂണ്ടികാട്ടുകയും ചെയ്തു.