Skip to content

നിർണായക മത്സരത്തിൽ സ്കോട്ലൻഡിനെതിരെ തകർപ്പൻ വിജയം കുറിച്ച് അയർലൻഡ്

ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ സ്കോട്ലൻഡിനെ തകർത്തുകൊണ്ട് സൂപ്പർ 12 പ്രതീക്ഷകൾ നിലനിർത്തി അയർലൻഡ്. 6 വിക്കറ്റിനാണ് മത്സരത്തിൽ ഐറിഷ് പട സ്കോട്ലൻഡിനെ തകർത്തത്.

മത്സരത്തിൽ സ്കോട്ലൻഡ് ഉയർത്തിയ 177 റൺസിൻ്റെ വിജയലക്ഷ്യം 19 ഓവറിൽ 4 വിക്കറ്റ് മാത്രം നഷ്ടത്തിൽ അയർലൻഡ് മറികടന്നു. 32 പന്തിൽ പുറത്താകാതെ 7 ഫോറും 2 സിക്സും ഉൾപ്പടെ 72 റൺസ് നേടിയ കർട്ടിസ് കാംഫറാണ് അയർലൻഡിന് വിജയം സമ്മാനിച്ചത്. ജോർജ് ഡോക്റൽ 27 പന്തിൽ 39 റൺസ് നേടി പുറത്താകാതെ നിന്നു. ഒരു ഘട്ടത്തിൽ 61 റൺസിന് നാല് വിക്കറ്റ് നഷ്ടപെട്ടു ശേഷമാണ് അയർലൻഡ് മത്സരത്തിൽ ശക്തമായി തിരിച്ചെത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സ്കോട്ലൻഡ് നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 176 റൺസ് നേടിയിരുന്നു. 55 പന്തിൽ 6 ഫോറും 4 സിക്സും ഉൾപ്പടെ 86 റൺസ് നേടിയ മൈക്കൽ ജോൺസാണ് സ്കോട്ലൻഡിന് വേണ്ടി തിളങ്ങിയത്. ക്യാപ്റ്റൻ ബെറിങ്ടൻ 27 പന്തിൽ 37 റൺസ് നേടി.

അയർലൻഡിന് വേണ്ടി കർടിസ് കാംഫർ രണ്ട് വിക്കറ്റ് നേടി. വിജയത്തോടെ സൂപ്പർ 12 പ്രതീക്ഷകൾ നിലനിർത്താൻ അയർലൻഡിന് സാധിച്ചു. മുൻ ചാമ്പ്യന്മാരായ വെസ്റ്റിൻഡീസുമായാണ് അയർലൻഡിൻ്റെ അടുത്ത മത്സരം. മികച്ച ഫോമിലുള്ള സിംബാബ്‌വെയാണ് സ്കോട്ലൻഡിൻ്റെ എതിരാളി.