Skip to content

എറിഞ്ഞുവീഴ്ത്തി ബൗളർമാർ, യു എ ഇയ്ക്കെതിരെ ശ്രീലങ്കയ്ക്ക് വമ്പൻ വിജയം

ഐസിസി ടി20 ലോകകപ്പ് ഗ്രൂപ്പ് എ പോരാട്ടത്തിൽ യു എ ഇയ്ക്കെതിരെ വമ്പൻ വിജയം കുറിച്ച് ശ്രീലങ്ക. വിജയം അനിവാര്യമായിരുന്ന മത്സരത്തിൽ 79 റൺസിനാണ് ശ്രീലങ്ക വിജയിച്ചത്.

മത്സരത്തിൽ ശ്രീലങ്ക ഉയർത്തിയ 153 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന യു എ ഇയ്ക്ക് 17.1 ഓവറിൽ 73 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. ശ്രീലങ്കയ്ക്ക് വേണ്ടി ചമീരയും ഹസരങ്കയും മൂന്ന് വിക്കറ്റ് വീതവും മഹീഷ് തീക്ഷ്ണ രണ്ട് വിക്കറ്റും നേടി. പരാജയത്തോടെ യു എ ഇ ലോകകപ്പിൽ നിന്നും പുറത്തായി.

60 പന്തിൽ 6 ഫോറും 2 സിക്സും ഉൾപ്പടെ 74 റൺസ് നേടിയ ഓപ്പണർ പാതും നിസങ്കയാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ധനഞ്ജയ ഡി സിൽവ 21 പന്തിൽ 33 റൺസ് നേടി. യു എ ഇയ്ക്ക് ഹാട്രിക്ക് നേടിയ കാർത്തിക് മെയ്യപ്പനും 2 വിക്കറ്റ് നേടിയ സഹൂർ ഖാനും മികവ് പുലർത്തി.

വിജയത്തോടെ മികച്ച റൺറേറ്റ് സ്വന്തമാക്കുവാൻ ശ്രീലങ്കയ്ക്ക് സാധിച്ചു. ആദ്യ മത്സരത്തിൽ നമീബിയയോട് 55 റൺസിന് ശ്രീലങ്ക പരാജയപെട്ടിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച നെതർലൻഡ്സാണ് ഈ റൗണ്ടിലെ അവസാന പോരാട്ടത്തിൽ ശ്രീലങ്കയുടെ എതിരാളി. മത്സരത്തിൽ വിജയിച്ചാൽ മാത്രമേ യോഗ്യത നേടുവാൻ ശ്രീലങ്കയ്ക്ക് സാധിക്കൂ. യു എ ഇയ്ക്കെതിരെയാണ് നമീബിയയുടെ അടുത്ത മത്സരം. മത്സരത്തിൽ വിജയിക്കാൻ സാധിച്ചാൽ സൂപ്പർ 12 ലേക്ക് യോഗ്യത നേടുവാൻ നമീബിയക്ക് സാധിക്കും.