Skip to content

ഷാമിയുടെ തകർപ്പൻ ഡെത്ത് ഓവർ, സന്നാഹ മത്സരത്തിൽ ആവേശവിജയം കുറിച്ച് ഇന്ത്യ

ഐസിസി ടി20 ലോകകപ്പിന് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ 6 റൺസിനാണ് ഇന്ത്യ വിജയിച്ചത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയക്ക് 20 ഓവറിൽ 180 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.

മൊഹമ്മദ് ഷാമിയുടെ തകർപ്പൻ ഡെത്ത് ഓവറിലാണ് ഇന്ത്യ മത്സരത്തിൽ വിജയം കുറിച്ചത്. അവസാന ഓവറിൽ 11 റൺസ് വേണമെന്നിരിക്കെ ബൗൾ ചെയ്യാനെത്തിയ ഷാമി നാല് റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

54 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പടെ 76 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും 18 പന്തിൽ 35 റൺസ് നേടിയ മിച്ചൽ മാർഷും മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ തിളങ്ങിയത്. ഇന്ത്യയ്ക്ക് വേണ്ടി ഷാമി മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 33 പന്തിൽ 6 ഫോറും 3 സിക്സും അടക്കം 57 റൺസ് നേടിയ കെ എൽ രാഹുൽ, 33 പന്തിൽ 6 ഫോറും ഒരു സിക്സും അടക്കം 50 റൺസ് നേടിയ സൂര്യകുമാർ യാദവ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. ക്യാപ്റ്റൻ രോഹിത് ശർമ്മ 15 റൺസ് നേടി പുറത്തായപ്പോൾ കോഹ്ലി 19 റൺസ് നേടി പുറത്തായി.

ഓസ്ട്രേലിയക്ക് വേണ്ടി കെയ്ൻ റിച്ചാർഡ്സൻ നാലോവറിൽ 30 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തി.

ഒക്ടോബർ 19 ന് ന്യൂസിലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത സന്നാഹ മത്സരം. ഒക്ടോബർ 23 ന് പാകിസ്ഥാനെതിരെയാണ് ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മത്സരം.