Skip to content

ആദ്യ പോരാട്ടത്തിൽ ഏഷ്യൻ ചാമ്പ്യന്മാരെ തകർത്ത് നമീബിയ, സ്വന്തമാക്കിയത് തകർപ്പൻ വിജയം

ഐസിസി ടി20 ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ നമീബിയക്ക് തകർപ്പൻ വിജയം. ഗീലോങിൽ നടന്ന മത്സരത്തിൽ 55 റൺസിനാണ് ഏഷ്യ കപ്പ് ചാമ്പ്യന്മാരായ ശ്രീലങ്കയെ നമീബിയ തകർത്തത്.

മത്സരത്തിൽ നമീബിയ ഉയർത്തിയ 164 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19 ഓവറിൽ 108 റൺസ് നേടുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 23 പന്തിൽ 29 റൺസ് നേടിയ ദാസുൻ ഷണക മാത്രമാണ് ശ്രീലങ്കൻ നിരയിൽ അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

നമീബിയക്ക് വേണ്ടി ബർനാൾഡ് സ്കോൾട്സ്, ബെൻ ഷികാൻഗോ ജാൻ ഫ്രൈലിങ്ക് എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത നമീബിയ 28 പന്തിൽ 44 റൺസ് നേടിയ ജാൻ ഫ്രൈലിങ്കിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. സ്റ്റീഫൻ ബാർഡ് 24 പന്തിൽ 26 റൺസ് നേടി. ജെ ജെ സ്മിത് 16 പന്തിൽ പുറത്താകാതെ 31 റൺസ് നേടി.

ശ്രീലങ്കയ്ക്ക് വേണ്ടി പ്രമോദ് മധുഷാൻ രണ്ട് വിക്കറ്റ് നേടി. നെതർലൻഡ്സിനെതിരെയാണ് നമീബിയയുടെ അടുത്ത മത്സരം. ഒക്ടോബർ 18 ന് യു എ ഇയ്ക്കെതിരെയാണ് ശ്രീലങ്കയുടെ അടുത്ത മത്സരം.