Skip to content

അടുത്ത വർഷം ആരെയെങ്കിലും മങ്കാദിങ് ചെയ്യുമെന്ന് റിയാൻ പരാഗ്, പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോയെന്ന് തിരിച്ച് ട്രോളി ആരാധകർ

അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗിൽ താൻ ആരെയെങ്കിലും നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കുമെന്ന് രാജസ്ഥാൻ റോയൽസ് യുവതാരം റിയാൻ പരാഗ്. ട്വിറ്ററിലൂടെയായിരുന്നു താരത്തിൻ്റെ ഈ പ്രതികരണം.

ഒരിടവേളയ്ക്ക് ശേഷം മങ്കാദിങ് എന്നറിയപ്പെട്ടിരുന്ന ഈ ഡിസ്മിസൽ വീണ്ടും ക്രിക്കറ്റ് ലോകത്ത് ചർച്ചയായികൊണ്ടിരിക്കുന്നത്. ഈ ഡിസ്മിസൽ ഐസിസി റണ്ണൗട്ടിൻ്റെ ഗണത്തിൽ പെടുത്തിയെങ്കിൽ പോലും ഈ ഡിസ്മിസ്സലിൽ ക്രിക്കറ്റ് ലോകം ഇപ്പോഴും രണ്ട് ചേരികളിലാണുള്ളത്. ചിലർ ഇക്കാര്യത്തിൽ യാതൊരു നീതികേടും ഇല്ലെന്ന് പറയുമ്പോൾ മറ്റൊരു കൂട്ടർ ഇത് ക്രിക്കറ്റിൻ്റെ മാന്യതയ്ക്ക് എതിരാണെന്നും നിയമത്തിൽ കൂടുതൽ മാറ്റങ്ങൾ വേണമെന്നുമാണ് വാദിക്കുന്നത്.

ഇക്കാര്യത്തിൽ സജീവ ചർച്ചകൾ നടക്കുന്നതിനിടെയാണ് അടുത്ത വർഷം താൻ ആരെയെങ്കിലും ഇത്തരത്തിൽ പുറത്താക്കുമെന്ന് റിയാൻ പരാഗ് പറഞ്ഞത്. ട്വിറ്ററിൽ രസകരമായ ചർച്ചകൾക്ക് ഇത് വഴിവെയ്ക്കുമെന്നും താൻ കുറിച്ചു.

എന്നാൽ മോശം പ്രകടനത്തിൻ്റെ പേരിൽ എല്ലായ്പോഴും ട്രോളുകൾ ഏറ്റുവാങ്ങിയ താരത്തെ ഇക്കുറിയും ക്രിക്കറ്റ് ആരാധകർ വെറുതെവിട്ടില്ല. താങ്കൾ പ്ലേയിങ് ഇലവനിൽ ഉണ്ടാകുമോ എന്നായിരുന്നു താരത്തിൻ്റെ ട്വീറ്റിനുള്ള മറ്റുള്ളവരുടെ മറുപടികൾ. അടുത്ത ഐ പി എൽ സീസണിലും താരം രാജസ്ഥാൻ റോയൽസിന് വേണ്ടിതന്നെയായിരിക്കും കളിക്കുക. താരത്തിന് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് കഴിഞ്ഞ സീസണിനിടെ കോച്ച് കുമാർ സംഗക്കാര വ്യക്തമാക്കിയിരുന്നു.