Skip to content

താൻ ദീപ്തിയല്ലെന്ന് ബട്ട്ലറോട് മിച്ചൽ സ്റ്റാർക്ക്, വിമർശനവുമായി മുൻ താരങ്ങളും ആരാധകരും

ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിനെതിരെ വിമർശനവുമായി മുൻ ഇന്ത്യൻ താരങ്ങളും ആരാധകരും. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടി20 മത്സരത്തിനിടെ ഇന്ത്യൻ വനിതാ താരം ദീപ്തി ശർമ്മയുടെ പേര് അനാവശ്യമായി ഉപയോഗിച്ചതാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്.

മത്സരത്തിനിടെ താൻ പന്തെറിയുന്നതിനും മുൻപേ ക്രീസ് വിട്ടിറങ്ങിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലറോട് ക്രീസിൽ നിൽക്കുവാൻ മുന്നറിയിപ്പ് നൽകവേ താൻ ദീപ്തി ശർമ്മയല്ലെന്നും എനിക്കത് ചെയ്യാനാകുമെന്നും നേരത്തെ ക്രീസിൽ നിന്നും പുറത്തിറങ്ങാമെന്നല്ല അതിനർത്ഥമെന്നും ബട്ട്ലറോട് സ്റ്റാർക്ക് പറഞ്ഞിരുന്നു. താൻ ക്രീസ് വിട്ടില്ലെന്നായിരുന്നു പക്ഷേ ജോസ് ബട്ട്ലറുടെ മറുപടി.

എന്തുതന്നെയായാലും ഇക്കാര്യത്തിൽ ദീപ്തി ശർമ്മയുടെ പേര് ഉപയോഗിച്ചത് ഇന്ത്യൻ ആരാധകർക്ക് രസിച്ചില്ല. ആരാധകർക്കൊപ്പം മുൻ താരം ഹേമങ് ബദാനിയും സ്റ്റാർക്കിനെ വിമർശിച്ച് രംഗത്തെത്തി. ബട്ട്ലറെ റണ്ണൗട്ടാക്കണോ അതോ മുന്നറിയിപ്പ് നൽകണോ എന്നത് സ്റ്റാർക്കിൻ്റെ ഇഷ്ടമാണെന്നും എന്നാലതിൽ നിയമത്തിന് എതിരായി ഒന്നും ചെയ്യാതിരുന്ന ദീപ്തി ശർമ്മയുടെ പേര് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും ബധാനി ചൂണ്ടികാട്ടി.

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിനിടെയാണ് കളിയുടെ നിർണായക ഘട്ടത്തിൽ ചാർലി ഡീനിനെ ദീപ്തി ശർമ്മ റണ്ണൗട്ടാക്കിയത്. ഇതിന് പുറകെ താരം നിരവധി വിമർശം ഏറ്റുവാങ്ങിയിരുന്നു.