Skip to content

സിക്സ് നേടി ഫിനിഷ് ചെയ്ത് സ്മൃതി മന്ദാന, ശ്രീലങ്കയെ തകർത്ത് ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യ

ഫൈനൽ പോരാട്ടത്തിൽ ശ്രീലങ്കയ്ക്കെതിരെ ആധികാരിക വിജയം കുറിച്ച് ഏഷ്യ കപ്പ് ചാമ്പ്യന്മാരായി ടീം ഇന്ത്യ. 8 വിക്കറ്റിനാണ് ഫൈനലിൽ ശ്രീലങ്കയെ ഇന്ത്യ പരാജയപെടുത്തിയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 65 റൺസിൽ ഒതുക്കിയ ഇന്ത്യ 66 റൺസിൻ്റെ വിജയലക്ഷ്യം 8.3 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. 25 പന്തിൽ 6 ഫോറും 3 സിക്സും ഉൾപ്പടെ പുറത്താകാതെ 51 റൺസ് നേടി വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന തകർത്തടിച്ചതോടെയാണ് ഇന്ത്യ അതിവേഗത്തിൽ വിജയം കുറിച്ചത്. ഹർമൻ പ്രീത് കൗർ 11 റൺസ് നേടി പുറത്താകാതെ നിന്നു.

ഇന്ത്യൻ വനിതാ ടീമിൻ്റെ ഏഴാമത്തെ ഏഷ്യ കപ്പ് കിരീടമാണിത്. ഇന്ത്യയെ കൂടാതെ ബംഗ്ലാദേശ് മാത്രമാണ് വുമൺസ് ഏഷ്യ കപ്പ് ചാമ്പ്യന്മാരായിട്ടുള്ളത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 65 റൺസ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. മൂന്നോവറിൽ 5 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ രേണുക സിങാണ് ശ്രീലങ്കയെ ചുരുക്കികെട്ടിയത്.

രാജേശ്വരി ഗയക്ക്വാദ് നാലോവറിൽ 16 റൺസ് വഴങ്ങി രണ്ട് വിക്കറ്റും സ്നേ റാണ നാലോവറിൽ 13 റൺസ് വഴങ്ങി രണ്ട് വിക്കറ്റും നേടി.

നേരത്തെ സെമിഫൈനലിൽ തായ്‌ലൻഡിനെ പരാജയപെടുത്തികൊണ്ടാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. മറുഭാഗത്ത് പാകിസ്ഥാനെ പരാജയപെടുത്തിയാണ് ശ്രീലങ്ക ഫൈനലിലെത്തിയത്.