Skip to content

ഞാനും യുവിയും ഗംഭീറും ചെയ്തിരുന്ന ജോലി നിർവഹിക്കാൻ അവന് സാധിക്കും, സുരേഷ് റെയ്ന

ഐസിസി ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യൻ ടീമിന് നിർദ്ദേശവുമായി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. പ്ലേയിങ് ഇലവനിൽ വിക്കറ്റ് കീപ്പർ റിഷഭ് പന്തിനെ ഉൾപ്പെടുത്തുണമെന്ന് നിർദേശിച്ച റെയ്ന തൻ്റെ അഭിപ്രായത്തിന് പിന്നിലെ കാരണവും വിശദീകരിച്ചു.

നിലവിൽ ഇന്ത്യൻ ടീമിലെ ഒരേയൊരു സ്പെഷ്യലിസ്റ്റ് ഇടം കയ്യൻ ബാറ്റ്സ്മാൻ റിഷഭ് പന്താണ്. ജഡേജയ്ക്ക് പരിക്കേറ്റതിനാൽ തന്നെ മധ്യനിരയിൽ പന്തിൻ്റെ സാന്നിധ്യം നിർണായകമാകുമെന്നും ധോണിയ്ക്ക് കീഴിൽ താനും യുവരാജ് സിങും ഗംഭീറും ചെയ്ത ജോലി നിർവ്വഹിക്കാൻ പന്തിന് സാധിക്കുമെന്നും സുരേഷ് റെയ്ന പറഞ്ഞു.

” ഒരു ഇടം കയ്യൻ ബാറ്റ്സ്മാൻ്റെ സാന്നിധ്യം എല്ലാ ടീമിനും അനിവാര്യമാണ്. ടോപ്പ് ഓർഡർ മുതൽ മധ്യനിര വരെ ഒരു ഇടം കയ്യൻ ബാറ്റ്സ്മാൻ നമുക്കില്ല. അതുകൊണ്ട് തന്നെ എതിരാളികൾ രണ്ടോ മൂന്നോ ഇടം കയ്യൻ ബൗളർമാർ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്. 2007 ലും 2011 ലും 2013 ലും ഞാനും ഗംഭീറും യുവിയും ചെയ്ത ജോലി എന്താണെന്ന് നിങ്ങൾക്കറിയാം. “

” എക്സ് ഫാക്ടറെ ഹാർദിക് പാണ്ഡ്യയ്ക്കൊപ്പം കളിപ്പിക്കേണ്ടതുണ്ട്. എന്നാൽ ആരാണ് എക്സ് ഫാക്ടർ ? അത് ഇടംകയ്യനായ റിഷഭ് പന്ത് തന്നെയാണ്. ഞാനും യുവരാജും ഒരുമിച്ച് ബാറ്റ് ചെയ്തപ്പോൾ എതിരാളികൾ ഭയന്നിരുന്നു. ലെഫ്റ്റ് റൈറ്റ് കോമ്പിനേഷൻ എതിരാളികളുടെ താളം തെറ്റിക്കും. പ്രത്യേകിച്ചും ഓസ്ട്രേലിയയിലെ ഗ്രൗണ്ടുകൾ വളരെ വലുതാണ്. അതുകൊണ്ട് തന്നെ ലെഫ്റ്റ് റൈറ്റ് കോമ്പിനേഷൻ നിർണായകമാണ്. പന്ത് ഓസ്ട്രേലിയയിൽ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. ടെസ്റ്റ് പരമ്പര അവൻ നേടിതന്നിട്ടുണ്ട്. ” സുരേഷ് റെയ്ന പറഞ്ഞു.

എന്നാൽ ടി20 ലോകകപ്പിന് മുൻപായി രണ്ട് പരിശീലന മത്സരങ്ങളിലും നിരാശപെടുത്തുന്ന പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. ഓപ്പണറായി കളിച്ച രണ്ട് മത്സരങ്ങളിലും 9 റൺസ് നേടി താരം പുറത്താവുകയായിരുന്നു.