Skip to content

ബിസിസിഐയ്ക്ക് കേന്ദ്രസർക്കാരിൻ്റെ ഇരുട്ടടി, കാത്തിരിക്കുന്നത് വൻ സാമ്പത്തിക നഷ്ടം

ഒരിടവേളയ്ക്ക് ശേഷം മറ്റൊരു ഐസിസി ടൂർണമെൻ്റിന് വേദിയാകുവാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിന് മുൻപ് 2016 ൽ നടന്ന ടി20 ലോകകപ്പാണ് ഇന്ത്യയിൽ വെച്ച് നടന്ന അവസാന ഐസിസി ടൂർണമെൻ്റ്. ഇപ്പോഴിതാ 2023 ഏകദിന ലോകകപ്പിന് വേദിയാകാൻ ഒരുങ്ങുകയാണ് ഇന്ത്യ. ഇതിനിടയിൽ ബിസിസിഐ യ്ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് കേന്ദ്രസർക്കാരിൻ്റെ കടുംപിടുത്തം.

അടുത്ത വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിൽ ഐസിസിയ്ക്ക് ലഭിക്കാനിരിക്കുന്ന വരുമാനത്തിൽ നിന്നും 21.84 ശതമാനം നികുതി ഈടാക്കാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് കേന്ദ്രസർക്കാർ. ഈ തീരുമാനത്തിൽ കേന്ദ്രസർക്കാർ പിന്മാറിയില്ലെങ്കിൽ 955 കോടിയുടെ കനത്ത നഷ്ടം ബിസിസിഐയ്ക്ക് ഉണ്ടായേക്കും.

ഐസിസിയുടെ മാനദണ്ഡമനുസരിച്ച് ആഗോള ബോഡി സംഘടിപ്പിക്കുന്ന ടൂർണമെൻ്റുകൾക്കായി നികുതി ഇളവ് നേടിയെടുക്കേണ്ടത് ആ രാജ്യത്തിലെ ക്രിക്കറ്റ് ബോർഡുകളുടെ ചുമതലയാണ്. അതിന് സാധിച്ചില്ലയെങ്കിൽ ആ ബോർഡിന് നൽകേണ്ട വരുമാനവിഹിതത്തിൽ നിന്നും നികുതിയായി നൽകിയ ആ തുക ഈടാക്കും.

2016 ഐസിസി ടി20 ലോകകപ്പിൽ ഈ പോളിസി പ്രകാരം 193 കോടി രൂപ ബിസിസിഐയ്ക്ക് നഷ്ടമായിരുന്നു. അന്ന് 10 ശതമാനം മാത്രമായിരുന്നു നികുതിയെങ്കിൽ ഇക്കുറി അത് ഇരട്ടിയാണ്.

അടുത്ത വർഷം ഒക്ടോബർ, നവംബർ മാസത്തിലാണ് ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ടാക്സ് സർചാർജിൽ ഇളവ് നേടുവാൻ ബിസിസിഐ ഇപ്പോഴും ചർച്ചകൾ നടത്തികൊണ്ടിരിക്കുകയാണ്. ടാക്സ് സർചാർജ് പത്ത് ശതമാനമാക്കി കുറച്ചാൽ വരുമാനനഷ്ടം 430 കോടിയോളമായി കുറയ്ക്കുവാൻ ബിസിസിഐയ്ക്ക് സാധിക്കും.