Skip to content

ഇതുവരെ പാഠം പഠിച്ചില്ലേ, വീണ്ടും ക്രീസ് വിട്ടിറങ്ങി ബട്ട്ലർ, മുന്നറിയിപ്പ് നൽകി മിച്ചൽ സ്റ്റാർക്ക് ; വീഡിയോ കാണാം

തെറ്റുകളിൽ നിന്നും പാഠം പഠിക്കാതെ വീണ്ടും തെറ്റ് ആവർത്തിച്ച് ഇംഗ്ലണ്ട് ടീം ക്യാപ്റ്റൻ ജോസ് ബട്ട്ലർ. 2019 ൽ ഐ പി എല്ലിനിടെ ജോസ് ബട്ട്ലറെ അശ്വിൻ നോൺ സ്ട്രൈക്കർ എൻഡിൽ മങ്കാദിങ് എന്നറിയപെട്ടിരുന്ന രീതിയിലൂടെ പുറത്താക്കിയത് വലിയ ചർച്ചകൾക്ക് വഴിവെയ്ക്കുകയും ഒരു മങ്കാദിങ് എന്ന വാക്ക് തന്നെ ഐസിസി എടുത്തുമാറ്റുകയും ഈ ഡിസ്മിസ്സൽ റണ്ണൗട്ടിൻ്റെ ഗണത്തിൽ പെടുത്തുകയും ചെയ്തു.

പക്ഷേ ഈ മാറ്റങ്ങൾക്കിടയിലും വീണ്ടും അതേ തെറ്റാവർത്തിച്ച് വിമർശനം ഏറ്റുവാങ്ങിയിരിക്കുകയാണ് ജോസ് ബട്ട്ലർ. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടി20 മത്സരത്തിനിടെ സ്റ്റാർക്ക് എറിഞ്ഞ ഓവറിനിടെ ജോസ് ബട്ട്ലർ നോൺ സ്ട്രൈക്കർ എൻഡിൽ പന്തെറിയും മുൻപേ ക്രീസ് വിട്ട് പുറത്തിറങ്ങുകയും പന്തെറിഞ്ഞ ശേഷം റണ്ണപ്പിനായി തിരികെ നടക്കവെ മിച്ചൽ സ്റ്റാർക്ക് ഇക്കാര്യം ബട്ട്ലറോട് സൂചിപ്പിക്കുകയും ചെയ്തു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനിടെ നോൺ സ്ട്രൈക്കർ എൻഡിൽ ക്രീസ് വിട്ടിറങ്ങിയ ചാർലി ഡീനിനെ ഇന്ത്യൻ താരം ദീപ്തി ശർമ്മ റണ്ണൗട്ടാക്കിയത് വലിയ വിമർശനങ്ങൾക്ക് ഇടവെച്ചിരുന്നു. നിയമത്തിനെതിരായി ഒന്നും ചെയ്തില്ലെങ്കിൽ പോലും ഇന്ത്യൻ താരത്തെ വിമർശിച്ച് കൊണ്ട് ഇംഗ്ലണ്ട് താരങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങളും രംഗത്തെത്തി.

തുടർന്ന് ക്രിക്കറ്റ് നിയമങ്ങളുടെ പരിപാലികരായ എം സി സി ഇക്കാര്യത്തിൽ തെറ്റൊന്നും തന്നെയില്ലെന്നും പന്ത് റിലീസ് ചെയ്യുംവരെ ക്രീസിൽ നിൽക്കാൻ ശ്രദ്ധിക്കണമെന്നും അതിന് സാധിച്ചില്ലെങ്കിൽ റണ്ണൗട്ടാക്കാനുള്ള എല്ലാ അധികാരവും ബൗളർക്കുണ്ടെന്നും എം സി സി തങ്ങളുടെ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.