Skip to content

അഭിമാനനേട്ടം, ഐസിസി അവാർഡ് സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, പുരുഷ താരത്തിനുള്ള അവാർഡ് മൊഹമ്മദ് റിസ്വാന്

സെപ്റ്റംബർ മാസത്തിലെ മികച്ച പ്ലേയർമാർക്കുള്ള ഐസിസി പുരസ്കാരം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും പാകിസ്ഥാൻ ഓപ്പണർ മൊഹമ്മദ് റിസ്വാനും. ആദ്യമായാണ് ഇരുവരും ഈ അവാർഡ് നേടുന്നത്.

ഏഷ്യ കപ്പിലെയും ഒപ്പം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെയും മികച്ച പ്രകടനത്തിൻ്റെ മികവിലാണ് മികച്ച മെൻസ് പ്ലേയർക്കുള്ള പുരസ്ക്കാരം മൊഹമ്മദ് റിസ്വാൻ നേടിയത്. കഴിഞ്ഞ മാസം 10 ടി20 മത്സരങ്ങളിൽ നിന്നും 553 റൺസ് റിസ്വാൻ അടിച്ചുകൂട്ടിയിരുന്നു. ഓസ്ട്രേലിയയുടെ യുവ ഓൾ റൗണ്ടർ കാമറോൺ ഗ്രീൻ, ഇന്ത്യൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ എന്നിവരെ പിന്നിലാക്കിയാണ് റിസ്വാൻ ഈ അവാർഡ് നേടിയത്.

” എൻ്റെ ജോലി എളുപ്പമാക്കിയ സഹതാരങ്ങൾക്ക് നന്ദി. ഈ നേട്ടം എൻ്റെ ആത്മവിശ്വാസം വർധിപ്പിക്കുന്നു. എൻ്റെ പ്രകടനത്തിൽ ഞാൻ സന്തുഷ്ടനാണ്. ഓസ്ട്രേലിയയിൽ ഈ പ്രകടനം തുടരുവാൻ ഞാൻ ആഗ്രഹിക്കുന്നു. പാകിസ്ഥാനിൽ വെള്ളപൊക്കം മൂലവും കാലാവസ്ഥ വ്യതിയാനം മൂലവും ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് ഈ അവാർഡ് സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ” അവാർഡ് സ്വീകരിച്ച ശേഷം മൊഹമ്മദ് റിസ്വാൻ പറഞ്ഞു.

ഐസിസി പ്ലേയർ ഓഫ് ദി Month അവാർഡ് നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഹർമൻപ്രീത് കൗർ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മികച്ച പ്രകടനമാണ് ഇന്ത്യൻ ക്യാപ്റ്റനെ അവാർഡിനർഹയാക്കിയത്. ഏകദിന പരമ്പരയിൽ മൂന്ന് മത്സരങ്ങളിൽ നിന്നും തകർപ്പൻ സെഞ്ചുറി അടക്കം 221 റൺസ് കൗർ നേടിയിരുന്നു. സഹതാരവും വൈസ് ക്യാപ്റ്റനും കൂടിയായ സ്മൃതി മന്ദാനയെയും ബംഗ്ലാദേശ് ക്യാപ്റ്റൻ നിഗർ സുൽത്താനയെയും പിന്നിലാക്കിയാണ് കൗർ പുരസ്ക്കാരം നേടിയത്.