Skip to content

തായ്‌ലൻഡിനെതിരെ അനായാസ വിജയം, ഏഷ്യ കപ്പ് സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യ

തായ്‌ലൻഡിനെതിരെ 9 വിക്കറ്റിൻ്റെ ഏകപക്ഷീയ വിജയം നേടി ഏഷ്യ കപ്പ് ടി20 സെമിഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ വനിതകൾ. മത്സരത്തിൽ തായ്‌ലൻഡിന് പൊരുതാൻ പോലും അവസരം നൽകാതെയാണ് ഇന്ത്യ വിജയം കുറിച്ചത്.

ആദ്യം ബാറ്റ് ചെയ്ത തായ്‌ലൻഡിനെ 15.1 ഓവറിൽ വെറും 37 റൺസിൽ ചുരുക്കികെട്ടിയ ഇന്ത്യ 6 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. 8 റൺസ് നേടിയ ഷഫാലി വർമ്മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. മേഘ്ന 18 പന്തിൽ 20 റൺസും പൂജ വസ്ത്രകർ 12 റൺസും നേടി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത തായ്‌ലൻഡിനെ നാലോവറിൽ 9 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ സ്നേ റാണ, രണ്ട് വിക്കറ്റ് വീതം നേടിയ ദീപ്തി ശർമ്മ, രാജേശ്വരി ഗയക്വാദ് എന്നിവരാണ് ചുരുക്കികെട്ടിയത്. മത്സരത്തിലെ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ സെമിഫൈനലിൽ പ്രവേശിച്ചു.

മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തായ്ലൻഡിൻ്റെ സെമിഫൈനൽ സാധ്യതകൾ അവസാനിച്ചിട്ടില്ല. നാളെ നടക്കുന്ന മത്സരത്തിൽ യു എ ഇ ബംഗ്ലാദേശിനെ പരാജയപെടുത്തിയാൽ ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും പാകിസ്ഥാനുമൊപ്പം സെമി ഫൈനലിൽ കളിക്കാൻ തായ്‌ലൻഡിന് സാധിക്കും.