Skip to content

തകർപ്പൻ ഫോം തുടർന്ന് സൂര്യകുമാർ യാദവ്, നിരാശപെടുത്തി റിഷഭ് പന്ത്, പരിശീലന മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം

ഐസിസി ടി20 ലോകകപ്പിൻ്റെ മുന്നൊരുക്കത്തിൻ്റെ ഭാഗമായി നടന്ന ആദ്യ പരിശീലന മത്സരത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയ്ക്ക് വിജയം. 13 റൺസിനാണ് ആഷ്ടൻ ടേണർ നയിച്ച വെസ്റ്റേൺ ഓസ്ട്രേലിയ ഇലവനെ ഇന്ത്യ പരാജയപെടുത്തിയത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 159 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന വെസ്റ്റേൺ ഓസ്ട്രേലിയ ഇലവന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് നേടാനെ സാധിച്ചുള്ളൂ. 59 റൺസ് നേടിയ സാം ഫാന്നിങാണ് വെസ്റ്റേൺ ഓസ്ട്രേലിയക്ക് വേണ്ടി തിളങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി അർഷ്ദീപ് സിങ് മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഫിഫ്റ്റി നേടിയ സൂര്യകുമാർ യാദവിൻ്റെ മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. 35 പന്തിൽ 3 ഫോറും 3 സിക്സും ഉൾപ്പടെ 52 റൺസ് നേടിയാണ് സൂര്യകുമാർ യാദവ് പുറത്തായത്. ഹാർദിക് പാണ്ഡ്യ 20 പന്തിൽ 29 റൺസ് നേടിയപ്പോൾ ദിനേശ് കാർത്തിക് 19 റൺസ് നേടി.

ഓപ്പണറായി ഇറങ്ങിയ റിഷഭ് പന്ത് 17 പന്തിൽ 9 റൺസ് നേടി പുറത്തായപ്പോൾ ദീപക് ഹൂഡ 22 റൺസും ക്യാപ്റ്റൻ രോഹിത് ശർമ്മ 3 റൺസും നേടി പുറത്തായി. വിരാട് കോഹ്ലി ബാറ്റ് ചെയ്യാൻ ഇറങ്ങിയില്ല. ഒക്ടോബർ പതിമൂന്നിനാണ് വെസ്റ്റേൺ ഓസ്ട്രേലിയ ഇലവനെതിരായ ഇന്ത്യയുടെ രണ്ടാമത്തെ പരിശീലന മത്സരം നടക്കുന്നത്. ഒക്ടോബർ 17 ന് ആതിഥേയരായ ഓസ്ട്രേലിയക്കെതിരെയും ഒക്ടോബർ 19 ന് ന്യൂസിലൻഡിനെതിരെയും ഇന്ത്യ സന്നാഹ മത്സരങ്ങൾ കളിക്കും.