Skip to content

എന്നെ പോലെ സിക്സ് നേടുവാൻ അധികമാർക്കും സാധിക്കില്ല, എൻ്റെ ശക്തി അതാണ്, വിമർശനങ്ങളോട് പ്രതികരിച്ച് ഇഷാൻ കിഷൻ

ബാറ്റിങിൽ തൻ്റെ ശക്തി സിക്സ് നേടുകയെന്നതാണെന്നും അതുകൊണ്ട് തന്നെ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിനെ പറ്റി താനധികം ചിന്തിക്കാറില്ലെന്നും ഇന്ത്യൻ യുവതാരം ഇഷാൻ കിഷൻ. മുൻ താരങ്ങൾ അടക്കമുളളവർ സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതിൽ ഇഷാൻ കിഷൻ്റെ പോരായ്മ പലപ്പോഴും ചൂണ്ടികാട്ടിയിരുന്നു. എന്നാൽ സിക്സ് നേടാൻ സാധിക്കുന്നുവെങ്കിൽ സ്ട്രൈക്ക് കൈമാറേണ്ട ആവശ്യമില്ലെന്ന് പ്രതികരിച്ചിരിക്കുകയാണ് യുവതാരം.

” സ്ട്രൈക്ക് റൊട്ടേഷനായിരിക്കും ചില താരങ്ങളുടെ ശക്തി. മറ്റു ചിലർക്ക് അത് സിക്സ് നേടുകയെന്നതായിരിക്കും, എന്നെ പോലെ ഇന്നിങ്സിൻ്റെ തുടക്കത്തിൽ തന്നെ സിക്സ് നേടുവാൻ അധികമാർക്കും സാധിക്കില്ല. ഞാനത് എളുപ്പത്തിൽ നേടുന്നു. ”

” അതാണ് എൻ്റെ ശക്തി, സിക്സ് നേടുകയെന്നത്. അതുകൊണ്ട് തന്നെ സിക്സ് നേടുവാൻ സാധിക്കുന്നുവെങ്കിൽ സ്ട്രൈക്ക് കൈമാറുന്നതിനെ കുറിച്ച് ഞാൻ അധികം ചിന്തിക്കേണ്ടതില്ല. തീർച്ചയായും മറുവശത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കുകയാണെങ്കിൽ സ്ട്രൈക്ക് കൈമാറ്റം ആവശ്യമായിവരും. അതിനായി പരിശീലനം നടത്തേണ്ടത് പ്രധാനമാണ്. പക്ഷേ നിങ്ങളുടെ ശക്തി സിക്സ് നേടുകയെന്നതാണെങ്കിൽ നിങ്ങൾക്കതിന് സാധിക്കുന്നുവെങ്കിൽ പിന്നെ സ്ട്രൈക്ക് കൈമാറേണ്ടതില്ല. ” ഇഷാൻ കിഷൻ പറഞ്ഞു.

സെഞ്ചുറിയ്ക്ക് 7 റൺസ് അകലെ 84 പന്തിൽ 93 റൺസ് നേടിയാണ് ഇഷാൻ കിഷൻ പുറത്തായത്. 4 ഫോറും 7 സിക്സും ഇഷാൻ കിഷൻ മത്സരത്തിൽ അടിച്ചുകൂട്ടി.