Skip to content

സൗത്താഫ്രിക്കയ്ക്കെതിരായ തകർപ്പൻ വിജയം, ഏകദിന ക്രിക്കറ്റിൽ അഭിമാന നേട്ടം കുറിച്ച് ഇന്ത്യൻ ടീം

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ ഏകദിന ക്രിക്കറ്റിൽ മറ്റൊരു ടീമിനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ.

റാഞ്ചിയിൽ നടന്ന മത്സരത്തിൽ 7 വിക്കറ്റിനായിരുന്നു ഇന്ത്യ വിജയം കുറിച്ചത്. മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 270 റൺസിൻ്റെ വിജയലക്ഷ്യം 25 പന്തുകൾ ശേഷിക്കെ ഇന്ത്യൻ യുവനിര മറികടന്നു. ഈ വിജയത്തോടെ ഏകദിന ക്രിക്കറ്റിൽ ചേസിങിൽ 300 വിജയം ഇന്ത്യൻ ടീം സ്വന്തമാക്കി.

ഏകദിന ക്രിക്കറ്റിൽ ചേസിങിൽ 300 മത്സരങ്ങൾ വിജയിക്കുന്ന ആദ്യ ടീമെന്ന അഭിമാനനേട്ടം ഇതോടെ ഇന്ത്യൻ ടീം സ്വന്തമാക്കി. 257 വിജയം നേടിയിട്ടുള്ള ഓസ്ട്രേലിയ, 237 വിജയം നേടിയ വെസ്റ്റിൻഡീസ് എന്നീ ടീമുകളാണ് ഈ നേട്ടത്തിൽ ഇന്ത്യയ്ക്ക് പുറകിലുള്ളത്.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിലും ചേസിങിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ടീം ഇന്ത്യ തന്നെയാണ്. 60 മത്സരങ്ങളിൽ ഇന്ത്യ ചേസ് ചെയ്ത് വിജയിച്ചിട്ടുണ്ട്.

111 പന്തിൽ 113 റൺസ് നേടിയ ശ്രേയസ് അയ്യരും 84 പന്തിൽ 93 റൺസ് നേടിയ ഇഷാൻ കിഷനുമാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്. സഞ്ജു സാംസൺ 36 പന്തിൽ 30 റൺസ് നേടി പുറത്താകാതെ നിന്നു. മത്സരത്തിലെ വിജയത്തോടെ പരമ്പരയിൽ ഇന്ത്യ സൗത്താഫ്രിക്കയ്ക്കൊപ്പമെത്തി. നാളെയാണ് പരമ്പരയിലെ മൂന്നാം മത്സരം നടക്കുന്നത്.