Skip to content

തകർപ്പൻ നേട്ടത്തിൽ രോഹിത് ശർമ്മയെയും കോഹ്ലിയെയും പിന്നിലാക്കി ആരോൺ ഫിഞ്ച്

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ നേട്ടത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ പിന്നിലാക്കി ഓസ്ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20 മത്സരത്തിലാണ് ഈ തകർപ്പൻ റെക്കോർഡ് ഫിഞ്ച് കുറിച്ചത്.

ഓസ്ട്രേലിയ 8 റൺസിന് പരാജയപെട്ട മത്സരത്തിൽ 7 പന്തിൽ 12 റൺസ് നേടിയാണ് ഫിഞ്ച് പുറത്തായത്. മത്സരത്തിൽ 12 റൺസ് പിന്നിട്ടതോടെ അന്താരാഷ്ട്ര ടി20 യിൽ 3000 റൺസ് ഫിഞ്ച് പൂർത്തിയാക്കി.

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഏറ്റവും കുറവ് പന്തിൽ 3000 റൺസ് നേടുന്ന ബാറ്റ്സ്മാനെന്ന തകർപ്പൻ നേട്ടവും ഇതിനൊപ്പം ഫിഞ്ച് സ്വന്തമാക്കി. 2078 പന്തിൽ നിന്നുമാണ് ഫിഞ്ച് ഈ ഫോർമാറ്റിൽ 3000 റൺസ് പൂർത്തിയാക്കിയിരിക്കുന്നത്. 2149 പന്തിൽ നിന്നും 3000 റൺസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെയാണ് ആരോൺ ഫിഞ്ച് പിന്നിലാക്കിയത്. 2169 പന്തിൽ നിന്നും 3000 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഈ നേട്ടത്തിൽ മൂന്നാം സ്ഥാനത്തുള്ളത്.

വിരാട് കോഹ്ലി, രോഹിത് ശർമ്മ, മാർട്ടിൻ ഗപ്റ്റിൽ, പോൾ സ്റ്റിർലിങ്, ബാബർ അസം എന്നിവരാണ് ഫിഞ്ചിന് മുൻപ് അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 3000 റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.

ഇന്നിങ്സുകളുടെ അടിസ്ഥാനത്തിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനാണ് ആരോൺ ഫിഞ്ച്. 98 ഇന്നിങ്സിൽ നിന്നുമാണ് ഓസ്ട്രേലിയൻ നായകൻ ഈ നാഴികക്കല്ല് പിന്നിട്ടത്. 81 ഇന്നിങ്സുകളിൽ നിന്നും ഈ നാഴികക്കല്ല് പിന്നിട്ട വിരാട് കോഹ്ലിയും ബാബർ അസമുമാണ് ഈ നേട്ടത്തിൽ ഒന്നാം സ്ഥാനത്തുള്ളത്.