Skip to content

സെഞ്ചുറിയുമായി ശ്രേയസ് അയ്യർ, തകർത്തടിച്ച് ഇഷാൻ കിഷൻ, സൗത്താഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

സൗത്താഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. ശ്രേയസ് അയ്യരുടെ തകർപ്പൻ സെഞ്ചുറി മികവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്.

മത്സരത്തിൽ സൗത്താഫ്രിക്ക ഉയർത്തിയ 279 റൺസിൻ്റെ വിജയലക്ഷ്യം ശ്രേയസ് അയ്യരുടെയും ഇഷാൻ കിഷൻ്റെയും ബാറ്റിങ് മികവിൽ 45.5 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടത്തിൽ മറികടന്നു. 13 റൺസ് നേടി ധവാനും 28 റൺസ് നേടിയ ശുഭ്മാൻ ഗില്ലും പുറത്തായ ശേഷം ക്രീസിൽ ഒത്തുചേർന്ന ഇരുവരും മൂന്നാം വിക്കറ്റിൽ 161 റൺസ് കൂട്ടിച്ചേർത്തു.

ഇഷാൻ കിഷൻ 84 പന്തിൽ 4 ഫോറും 7 സിക്സും അടക്കം 93 റൺസ് നേടി പുറത്തായപ്പോൾ ഏകദിന ക്രിക്കറ്റിലെ തൻ്റെ രണ്ടാം സെഞ്ചുറി നേടിയ ശ്രേയസ് അയ്യർ 111 പന്തിൽ 15 ബൗണ്ടറിയടക്കം 113 റൺസ് നേടി പുറത്താകാതെ നിന്നു. സഞ്ജു സാംസൺ 35 പന്തിൽ 29 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 74 റൺസ് നേടിയ ഹെൻഡ്രിക്സ്, 79 റൺസ് നേടിയ ഐയ്ഡൻ മാർക്രം എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി മൊഹമ്മദ് സിറാജ് പത്തോവറിൽ 38 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. വാഷിംഗ്ടൺ സുന്ദർ, ഷഹ്ബാസ് അഹ്മദ്, കുൽദീപ് യാദവ്, താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

മത്സരത്തിലെ വിജയത്തോടെ ഇന്ത്യ പരമ്പരയിൽ സൗത്താഫ്രിക്കയ്ക്കൊപ്പമെത്തി. മറ്റന്നാൾ ഡൽഹിയിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.