Skip to content

ഞെട്ടിതരിച്ച് നോർത്ത് ഇന്ത്യൻ ലോബി, 70 കടന്ന് സഞ്ജു സാംസൻ്റെ ബാറ്റിങ് ശരാശരി

തകർപ്പൻ വിജയമാണ് സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ നേടിയത്. ശ്രേയസ് അയ്യരുടെയും ഇഷാൻ കിഷൻ്റെയും ബാറ്റിങ് മികവിലാണ് മത്സരത്തിൽ ഇന്ത്യ വിജയം കുറിച്ചത്. സഞ്ജു അധികം ജോലി എടുക്കേണ്ടി വന്നില്ലെങ്കിലും 36 പന്തിൽ പുറത്താകാതെ 30 റൺസ് സഞ്ജു നേടി. ഈ പ്രകടനത്തോടെ ഏകദിന ബാറ്റിങ് ശരാശരി 70 കടക്കുകയും ചെയ്തു.

ഒരു ഫോറും ഒരു സിക്സും മത്സരത്തിൽ സഞ്ജു സാംസൺ നേടിയിരുന്നു. മത്സരത്തിലെ പ്രകടനമടക്കം ഏകദിന ക്രിക്കറ്റിൽ 73.00 ശരാശരിയിൽ 106.95 സ്ട്രൈക്ക് റേറ്റിൽ 292 റൺസ് സഞ്ജു സാംസൺ നേടിയിട്ടുണ്ട്. ആദ്യ എട്ട് ഇന്നിങ്സിൽ മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാനും ഇത്രയും ഉയർന്ന ശരാശരിയിൽ ബാറ്റ് ചെയ്യുവാൻ സാധിച്ചിട്ടില്ല.

എട്ട് ഏകദിനമെന്നത് കുറവാണെങ്കിൽ പോലും ഏകദിന ക്രിക്കറ്റിലെ ഈ തകർപ്പൻ തുടക്കം തുടരുവാൻ സാധിച്ചാൽ പ്രധാന താരങ്ങൾ തിരിച്ചെത്തിയാൽ പോലും സഞ്ജുവിനെ ഒഴിവാക്കാൻ ബിസിസിഐയ്ക്ക് ഒരുപാട് ചിന്തിക്കേണ്ടിവരും. അടുത്ത വർഷം ഏകദിന ലോകകപ്പ് കൂടെ വരാനിരിക്കെ സഞ്ജുവിൻ്റെ പ്രകടനം വലിയ പ്രതീക്ഷയാണ് ആരാധകർക്ക് നൽകുന്നത്.

മത്സരത്തിലേക്ക് വരുമ്പോൾ 7 വിക്കറ്റിൻ്റെ തകർപ്പൻ വിജയമാണ് ഇന്ത്യ കുറിച്ചത്. സൗത്താഫ്രിക്ക ഉയർത്തിയ 279 റൺസിൻ്റെ വിജയലക്ഷ്യം 45.5 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഇന്ത്യയ്ക്ക് വേണ്ടി ഇഷാൻ കിഷൻ 84 പന്തിൽ 93 റൺസ് നേടി പുറത്തായപ്പോൾ ശ്രേയസ് അയ്യർ 111 പന്തിൽ 115 റൺസ് പുറത്താകാതെ നിന്നു.