Skip to content

ഇന്ത്യയ്ക്കെതിരായ തോൽവി, സൗത്താഫ്രിക്കയുടെ ലോകകപ്പ് യോഗ്യത തുലാസിൽ

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ തോൽവിയോടെ തുലാസിലായി സൗത്താഫ്രിക്കയുടെ ലോകകപ്പ് യോഗ്യത. ഇനി ഏകദിന സൂപ്പർ ലീഗിൽ അവശേഷിക്കുന്ന എല്ലാ മത്സരങ്ങളും വിജയിച്ചാൽ പോലും അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുവാൻ സൗത്താഫ്രിക്കയ്ക്ക് സാധിച്ചേക്കില്ല.

ഏകദിന സൂപ്പർ ലീഗിൽ ആദ്യ എട്ട് സ്ഥാനങ്ങളിലുള്ള ടീമുകളാണ് ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിന് നേരിട്ട് യോഗ്യത നേടുക. ആതിഥേയരായതിനാൽ തന്നെ നിലവിൽ ആറാം സ്ഥാനത്തുള്ള ഇന്ത്യ ലോകകപ്പിന് യോഗ്യത നേടികഴിഞ്ഞു. എന്നാൽ മത്സരങ്ങളിൽ നിന്നും വെറും 59 പോയിൻ്റോടെ പതിനൊന്നാം സ്ഥാനത്താണ് സൗത്താഫ്രിക്കയുള്ളത്.

ഐ പി എൽ മാതൃകയിലുള്ള തങ്ങളുടെ പുതിയ ടി20 ലീഗിനായി അടുത്ത വർഷം ഓസ്ട്രേലിയക്കെതിരെ നടക്കേണ്ടിയിരുന്ന ഏകദിന പരമ്പരയിൽ നിന്നും പിന്മാറിയതാണ് സൗത്താഫ്രിക്കയ്ക്ക് തിരിച്ചടിയായത്. ഇതിനെ തുടർന്ന് 30 പോയിൻ്റുകൾ ഐസിസി ഓസ്ട്രേലിയക്ക് നൽകി.

ഇന്ത്യയ്ക്കെതിരായ പരമ്പരയ്ക്ക് ശേഷം തങ്ങളുടെ സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെയും നെതർലൻഡ്സിനെതിരെയും നടക്കുന്ന പരമ്പരകൾ മാത്രമാണ് ഇനി ഏകദിന സൂപ്പർ ലീഗിൽ സൗത്താഫ്രിക്കയ്ക്ക് ശേഷിക്കുന്നത്. ഇന്ത്യയ്ക്കെതിരെ ഇനി ശേഷിക്കുന്ന ഒരു മത്സരമടക്കം ഇനി നടക്കാനിരിക്കുന്ന 6 മത്സരങ്ങളിലും ആറിലും വിജയിച്ചാൽ പോലും യോഗ്യത ഉറപ്പിക്കാൻ സൗത്താഫ്രിക്കയ്ക്ക് സാധിച്ചേക്കില്ല.

നേരിട്ട് യോഗ്യത നേടുവാൻ സാധിച്ചില്ലെങ്കിൽ മറ്റു ടീമുകൾക്കൊപ്പം യോഗ്യത റൗണ്ടിൽ സൗത്താഫ്രിക്ക കളിക്കേണ്ടിവരും.