Skip to content

ഇന്ത്യ ഞങ്ങൾക്ക് മേൽ ആധിപത്യം പുലർത്താൻ തുടങ്ങിയത് അവൻ ക്യാപ്റ്റനായതോടെയാണ്, ഷാഹിദ് അഫ്രീദി

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സര പോരാട്ടം അവസാനിപ്പിച്ചത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയാണെന്ന് മുൻ പാക് ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. ധോണി ക്യാപ്റ്റനായതോടെ ഇന്ത്യ തങ്ങൾക്ക് മേൽ ഏകപക്ഷീയ വിജയം നേടാൻ തുടങ്ങിയെന്നും ഷാഹിദ് അഫ്രീദി പറഞ്ഞു.

കഴിഞ്ഞ ടി20 ലോകകപ്പിൽ ബാബർ അസമും കൂട്ടരും ഇന്ത്യയെ പരാജയപെടുത്തുന്നത് വരെ ഐസിസി ടൂർണമെൻ്റുകളിൽ ഇന്ത്യയെ പരാജയപെടുത്തുവാൻ പാകിസ്ഥാന് സാധിച്ചിരുന്നില്ല. ധോണിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ പാകിസ്ഥാനെ ഒരുപാട് മത്സരങ്ങളിൽ പരാജയപെടുത്തിയെന്നും മത്സരങ്ങൾ ഏകപക്ഷീയമായി മാറിയെന്നും എന്നാലിപ്പോൾ ബാബർ അസമിന് കീഴിൽ ഇന്ത്യയ്ക്ക് ശക്തമായ വെല്ലുവിളി പാകിസ്ഥാൻ ഉയർത്താൻ തുടങ്ങിയെന്നും അഫ്രീദി പറഞ്ഞു.

” ധോണിയ്ക്ക് കീഴിൽ ഇന്ത്യ അവരുടെ സമീപനം മാറ്റി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം തന്നെ അവൻ ഇല്ലാതെയാക്കി. കാരണം അവന് കീഴിൽ എല്ലായ്പോഴും ഇന്ത്യ വിജയിച്ചു. ഓസ്ട്രേലിയയും ഇംഗ്ലണ്ടും സൗത്താഫ്രിക്കയുമായിരുന്നു അവരുടെ പ്രധാന എതിരാളികൾ. ”

” അവന് കീഴിൽ പാകിസ്ഥാൻ മറ്റൊരു വശത്തേക്ക് മാറിനിൽക്കേണ്ടിവന്നു. പക്ഷേ ഇപ്പോൾ കാര്യങ്ങൾ മാറിതുടങ്ങി. പാകിസ്ഥാൻ തിരിച്ചെത്തിയിരിക്കുന്നു. ഇന്ത്യയ്ക്ക് കടുത്ത വെല്ലുവിളിയാകുവാൻ ഇപ്പോൾ പാകിസ്ഥാന് സാധിക്കും. ” ഷാഹിദ് അഫ്രീദി കൂട്ടിച്ചേർത്തു.

ധോണിയ്ക്ക് കീഴിൽ ഐസിസി ടി20 ലോകകപ്പിൽ അഞ്ച് മത്സരങ്ങളിലും ഏകദിന ലോകകപ്പിൽ രണ്ട് മത്സരങ്ങളിലും ഇന്ത്യ പാകിസ്ഥാനെ പരാജയപെടുത്തിയിട്ടുണ്ട്.