Skip to content

അവൻ മികച്ച കളിക്കാരനാണ് പക്ഷേ, സൂര്യ കുമാർ യാദവുമായുള്ള പോരാട്ടത്തെ കുറിച്ച് മൊഹമ്മദ് റിസ്വാൻ

ഐസിസി ടി20 റാങ്കിങിൽ ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവുമായുള്ള മത്സരത്തെ കുറിച്ച് മനസ്സുതുറന്ന് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാൻ. ടി20 റാങ്കിങിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലാണ് റിസ്വാനും സൂര്യകുമാർ യാദവുമുള്ളത്. ഒരു ഘട്ടത്തിൽ റിസ്വാനെ പിന്നിലാക്കി സൂര്യ റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.

സൗത്താഫ്രിക്കയ്ക്കെതിരായ രണ്ടാം മത്സരത്തിലെ മികച്ച പ്രകടനത്തോടെയാണ് റാങ്കിങിൽ റിസ്വാനെ സൂര്യകുമാർ യാദവ് പിന്നിലാക്കിയത്. പക്ഷേ തൊട്ടടുത്ത മത്സരത്തിൽ 8 റൺസ് നേടി പുറത്തായതോടെ താരം രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു.

” സൂര്യകുമാർ യാദവ് മികച്ച പ്ലേയറാണ്, അവൻ്റെ ബാറ്റിങ് ശൈലി എനിക്ക് ഏറെ ഇഷ്ടമാണ്. പക്ഷേ ചില കാര്യങ്ങൾ വ്യത്യസ്തമായി കാണുന്നതാണ് നല്ലത്. കാരണം മുൻനിരയിലെയും മധ്യനിരയിലെയും ബാറ്റിങ് തികച്ചും വ്യത്യസ്തമാണ്. റാങ്കിങിലെ ഒന്നാം സ്ഥാനത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടില്ല. ടീമിൻ്റെ ആവശ്യങ്ങൾ നിറവേറ്റുവാൻ മാത്രമാണ് ഞാൻ ശ്രദ്ധിക്കുന്നത്. ”

” റാങ്കിങിനെ കുറിച്ചും മാൻ ഓഫ് ദി മാച്ചിനെ കുറിച്ചുമെല്ലാം ചിന്തിക്കുന്നത് നിങ്ങളെ മോശമായി ബാധിക്കും. അതിനാൽ തന്നെ ഞാൻ അവയെ കുറിച്ചൊന്നും ചിന്തിക്കാറില്ല. ” മൊഹമ്മദ് റിസ്വാൻ പറഞ്ഞു.