Skip to content

ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്താൻ പ്രസൻ്റേഷനുമായി ഐസിസി, നിറഞ്ഞുനിന്ന് കിങ് കോഹ്ലി

ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുന്നതിൻ്റെ ഭാഗമായി ക്രിക്കറ്റിനെ കുറിച്ചുള്ള വീഡിയോ പ്രസൻ്റേഷൻ അവതരിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. 2028 ൽ നടക്കുന്ന ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപെടുത്തുവാനാണ് ഐസിസി പദ്ധതിയിടുന്നത്. ഇതിൻ്റെ ഭാഗാമായാണ് LA28 കമ്മിറ്റിയ്ക്ക് മുൻപിൽ പ്രസൻ്റേഷൻ ഐസിസി അവതരിപ്പിച്ചത്. മുൻ ഇന്ത്യൻ നായകൻ കിങ് കോഹ്ലിയുടെ താരമൂല്യമാണ് പ്രധാനമായും ഐസിസി പ്രസാൻ്റേഷനിൽ ഉൾകൊള്ളിച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ മാത്രം 216 മില്യൺ ഫോളോവേഴ്സ് വിരാട് കോഹ്ലിയ്ക്കുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിയ്ക്കും ശേഷം ഏറ്റവും ഫോളോവേഴ്സുള്ള കായിക താരം കൂടിയാണ് വിരാട് കോഹ്ലി.

കൂടാതെ ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്നതോടെ സൗത്ത് ഏഷ്യ അടക്കമുളള മേഖലകളിൽ നിന്നും ലഭിക്കാവുന്ന വാണിജ്യപരമായ സാധ്യതകളെ പറ്റിയും ഐസിസി തങ്ങളുടെ പ്രസൻ്റേഷനിൽ ഉൾപെടുത്തിയിട്ടുണ്ട്.

2024 ൽ ഐസിസി ടി20 ലോകകപ്പ് നടക്കുന്ന വെസ്റ്റിൻഡീസിലും അമേരിക്കയിലുമാണ്. അതുകൊണ്ട് തന്നെ അമേരിക്കയിൽ നടക്കുന്ന ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഐസിസി. ഒരുപാട് വർഷങ്ങൾക്ക് ശേഷം കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് മടങ്ങിയെത്തിയിരുന്നു. ഓസ്ട്രേലിയയിൽ നടക്കുന്ന അടുത്ത കോമൺവെൽത്ത് ഗെയിംസിലും ക്രിക്കറ്റ് ഉൾപെടുത്തിയിട്ടുണ്ട്.