Skip to content

ബംഗ്ലാദേശിനെതിരെ തകർപ്പൻ വിജയം, ഏഷ്യ കപ്പിൽ വിജയവഴിയിൽ തിരിച്ചെത്തി ഇന്ത്യ

ഏഷ്യ കപ്പിൽ ബംഗ്ലാദേശിനെ പരാജയപെടുത്തി തങ്ങളുടെ നാലാം വിജയം കുറിച്ച് ഇന്ത്യൻ വനിതകൾ. ഇന്നലെ പാകിസ്ഥാനോട് അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ ഇന്ത്യ ബംഗ്ലാദേശിനെതിരെ മികച്ച തിരിച്ചുവരവാണ് നടത്തിയത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 160 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 100 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ. ഇന്ത്യയ്ക്ക് വേണ്ടി ദീപ്തി ശർമ്മയും ഷഫാലി വർമ്മയും രണ്ട് വിക്കറ്റ് വീതം നേടി.

നേരത്തെ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 44 പന്തിൽ 55 റൺസ് നേടിയ ഷഫാലി വർമ്മ, 38 പന്തിൽ 47 റൺസ് നേടിയ ക്യാപ്റ്റൻ സ്മൃതി മന്ദാന, 24 പന്തിൽ 35 റൺസ് നേടിയ ജെമിമ റോഡ്രിഗസ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്.

ടൂർണമെൻ്റിലെ നാലാം വിജയമാണ് മത്സരത്തിൽ ഇന്ത്യ നേടിയത്. ഇതോടെ പോയിൻ്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഒക്ടോബർ 10 ന് തായ്‌ലൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.