Skip to content

അവരെ വെറും കൈയ്യോടെ മടക്കി അയക്കാനാകുമോ, ഇംഗ്ലണ്ടിനെതിരായ തോൽവിയെ കുറിച്ച് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ തോൽവിയ്ക്ക് പുറകെ രസകരവും ഒപ്പം അതിശയിപ്പിക്കുന്നതുമായ പ്രതികരണവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. 7 മത്സരങ്ങളുടെ പരമ്പരയിൽ 3-2 ന് മുന്നിട്ടുനിന്നിരുന്ന പാകിസ്ഥാൻ അവസാന രണ്ട് മത്സരങ്ങളിൽ ദയനീയ പരാജയം ഏറ്റുവാങ്ങി പരമ്പര കൈവിട്ടിരുന്നു.

പരമ്പരയിലെ തോൽവിയെ കുറിച്ച് ചോദിച്ചപ്പോൾ ഇംഗ്ലണ്ടിനെ എങ്ങനെ വെറും കയ്യോടെ മടക്കി അയക്കാനാകുമെന്നായിരുന്നു റമീസ് രാജയുടെ പ്രതികരണം.

” ഇംഗ്ലണ്ടിന് ആതിഥേയത്വം വഹിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. 17 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അവർ ഇവിടെയെത്തിയത്. അതുകൊണ്ട് ട്രോഫി നേടുവാൻ അവരെ എങ്ങനെ അനുവദിക്കാതിരിക്കും, അവരെ വെറും കയ്യോടെ പോകുവാൻ ഞങ്ങൾ അനുവദിക്കില്ല. പക്ഷേ സത്യസന്ധമായി പറഞ്ഞാൽ അവർ ഞങ്ങളേക്കാൾ മികച്ച ടീമായിയിരുന്നു. ” റമീസ് രാജ പറഞ്ഞു.

” പാകിസ്ഥാൻ പരാജയപെട്ട അവസാന രണ്ട് മത്സരങ്ങൾ ഒഴിച്ചുനിർത്തിയാൽ ഇത് ആവേശകരമായ പരമ്പര തന്നെയായിരുന്നു. പാകിസ്ഥാൻ ഒരുപാട് കാര്യങ്ങൾ ഈ പരമ്പരയിൽ നിന്നും പഠിക്കാനുണ്ട്. പക്ഷേ എല്ലാ വിധ ആശംസകളോടെ അവരെ ഞങ്ങൾ ലോകകപ്പിലേക്ക് അയക്കുന്നു. എല്ലാ ആരാധകരും അവരെ പിന്തുണയ്ക്കണം. ”

” ഒരിക്കൽ കൂടി ഇംഗ്ലണ്ടിന് നന്ദി. നിങ്ങൾക്ക് ആതിഥേയത്വം നൽകാൻ സാധിച്ചതിൽ അഭിമാനമുണ്ട്. ടെസ്റ്റ് പരമ്പരയിൽ വീണ്ടും കാണാം. സുരക്ഷിത യാത്ര നേരുന്നു. ” റമീസ് രാജ കൂട്ടിച്ചേർത്തു.

ലാഹോറിൽ നടന്ന അവസാന മത്സരത്തിൽ 67 റൺസിനാണ് പാകിസ്ഥാൻ പരാജയപെട്ടത്. ഇംഗ്ലണ്ട് ഉയർത്തിയ 210 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 142 റൺസ് നേടുവാൻ മാത്രമേ സാധിച്ചുള്ളൂ.