Skip to content

തോൽക്കുമ്പോൾ മാത്രം അവർ എന്നെ പറഞ്ഞുവിടുന്നു, പാകിസ്ഥാൻ ടീം മാനേജ്മെൻ്റിനെ ട്രോളി ഷോൺ ടെയ്റ്റ്, മൈക്ക് ഓഫ് ചെയ്ത് മോഡറേറ്റർ

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ കനത്ത തോൽവിയ്ക്ക് പുറകെ പാകിസ്ഥാൻ ടീം മാനേജ്മെൻ്റിനെ പരിഹസിച്ച് ടീമിൻ്റെ ബൗളിങ് പരിശീലകൻ ഷോൺ ടെയ്റ്റ്. ഇംഗ്ലണ്ടിനെതിരായ തോൽവിയ്ക്ക് ശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിലായിരുന്നു ഷോൺ ടെയ്റ്റിൻ്റെ ഈ രസകരമായ പ്രതികരണം.

ലാഹോറിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിൻ്റെ കനത്ത പരാജയമാണ് പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. മത്സരശേഷം നടന്ന പ്രസ്സ് കോൺഫ്രൻസിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുവാൻ ഷോൺ ടെയ്റ്റിനെയാണ് പാകിസ്ഥാൻ അയച്ചത്. മോശമായി പരാജയപെട്ടപ്പോൾ അവർ എന്നെ പ്രസ്സ് കോൺഫ്രൻസിനയച്ചുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഷോൺ ടെയ്റ്റ് പ്രസ്സ് കോൺഫ്രൻസ് ആരംഭിച്ചത്.

ഷോൺ ടെയ്റ്റിൻ്റെ വാക്കുകൾ കേട്ട് ഞെട്ടിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് മോഡറേറ്റർ ഉടനെ ടെയ്റ്റിന് അരികിലെത്തി മൈക്ക് ഓഫ് ചെയ്യുകയും ഷോൺ ടെയ്റ്റിനോട് പ്രശ്നം എന്തെങ്കിലും ഉണ്ടോയെന്ന് തിരക്കുകയും ചെയ്തു. ടെയ്റ്റ് കുഴപ്പമൊന്നും ഇല്ലെന്ന് അറിയിച്ചതോടെയാണ് മോഡറേറ്റർ മൈക്ക് ഓൺ ചെയ്തതും ടെയ്‌റ്റ് തൻ്റെ പ്രസ്സ് കോൺഫ്രൻസ് തുടർന്നതും.

മത്സരത്തിൽ ദയനീയ പരാജയമായിരുന്നു പാകിസ്ഥാൻ ഏറ്റുവാങ്ങിയത്. പാകിസ്ഥാൻ ഉയർത്തിയ 170 റൺസിൻ്റെ വിജയലക്ഷ്യം വെറും 14.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 41 പന്തിൽ 13 ഫോറും 3 സിക്സും അടക്കം 88 റൺസ് നേടിയ ഫിലിപ്പ് സാൾട്ടാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. വിജയത്തോടെ ഇംഗ്ലണ്ട് പരമ്പരയിൽ 3-3 ന് പാകിസ്ഥാനൊപ്പമെത്തിയിരുന്നു.