Skip to content

ഇക്കുറി ഇന്ത്യ ഒരുങ്ങി തന്നെ, ലോകകപ്പ് തയ്യാറെടുപ്പിനായി ഒക്ടോബർ ആറിന് ഓസ്ട്രേലിയയിലേക്ക് പറക്കും

ഐസിസി ടി20 ലോകകപ്പിൽ തങ്ങളുടെ ആദ്യ മത്സരം ഒക്ടോബർ 23 നാണെങ്കിലും തയ്യാറെടുപ്പിൻ്റെട് കാര്യത്തിൽ യാതൊരു വിട്ടവീഴ്ചയ്ക്കും ഒരുങ്ങാതെ ടീം ഇന്ത്യ. ലോകകപ്പ് തയ്യാറെടുപ്പുകൾക്കായി സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പര അവസാനിച്ച ഉടൻ തന്നെ ഇന്ത്യൻ ടീം ഓസ്ട്രേലിയയിലേക്ക് തിരിക്കും.

റിപ്പോർട്ടുകൾ പ്രകാരം ഒക്ടോബർ ആറിനായിരിക്കും ഇന്ത്യൻ ടീം ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് തിരിക്കുക. ഒക്ടോബർ നാലിനാണ് ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുളള ടി20 പരമ്പര അവസാനിക്കുന്നത്. ലോകകപ്പ് ടീമിൽ ഇല്ലാത്ത താരങ്ങളായിരിക്കും ഒക്ടോബർ ആറിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യയ്ക്ക് വേണ്ടി കളിക്കുക. റിപ്പോർട്ടുകൾ പ്രകാരം ധവാനെ ക്യാപ്റ്റനായും സഞ്ജു സാംസനെ വൈസ് ക്യാപ്റ്റനായും ഇന്ത്യ നിയമിച്ചേക്കും.

പെർത്തിലായിരിക്കും ഇന്ത്യൻ ടീം ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുക. ബ്രിസ്ബനിൽ ഓസ്ട്രേലിയക്കെതിരെയും ന്യൂസിലൻഡിനെതിരെയും നടക്കുന്ന സന്നാഹ മത്സരങ്ങൾക്ക് മുൻപായി വെസ്റ്റേൺ ഓസ്ട്രേലിയക്കെതിരെ പരിശീലന മത്സരവും ഇന്ത്യ കളിക്കും.

പരിക്ക് മൂലം ജസ്പ്രീത് ബുംറ സൗത്താഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ നിന്നും പുറത്തായെങ്കിലും ലോകകപ്പിൽ നിന്നും താരം പുറത്തായിട്ടില്ല. നാളെയോ മറ്റന്നാളോ ആയിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനത്തിൽ ബിസിസിഐ എത്തുക.