Skip to content

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ മോൺസ്റ്റർ, ഇറാനി കപ്പിൽ തകർപ്പൻ സെഞ്ചുറിയുമായി സർഫറാസ് ഖാൻ

ആഭ്യന്തര ക്രിക്കറ്റിലെ തൻ്റെ തകർപ്പൻ പ്രകടനം തുടർന്ന് സർഫറാസ് ഖാൻ. രഞ്ജി ട്രോഫിയിലെ മികച്ച പ്രകടനത്തിന് പുറകെ ഇറാനി കപ്പിൽ സൗരാഷ്ട്രയ്ക്കെതിരെ റെസ്റ്റ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി തകർപ്പൻ സെഞ്ചുറി കുറിച്ചിരിക്കുകയാണ് സർഫറാസ് ഖാൻ.

ഇറാനി കപ്പിലെ ആദ്യ ഇന്നിങ്സിൽ വെറും 91 പന്തിൽ നിന്നുമാണ് താരം സെഞ്ചുറി നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര 98 റൺസിന് പുറത്തായ പിച്ചിലാണ് തകർപ്പൻ സെഞ്ചുറി സർഫറാസ് ഖാൻ നേടിയത്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇതുവരെ 28 മത്സരങ്ങളിൽ നിന്നും 79.71 ശരാശരിയിൽ 10 സെഞ്ചുറിയും 8 ഫിഫ്റ്റിയും അടക്കം 2790 റൺസ് സർഫറാസ് ഖാൻ നേടിയിട്ടുണ്ട്.

മത്സരത്തിലേക്ക് വരുമ്പോൾ ആദ്യ ദിനം കളി നിർത്തുമ്പോൾ റെസ്റ്റ് ഓഫ് ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 205 റൺസ് നേടിയിട്ടുണ്ട്. 62 റൺസ് നേടിയ ഹനുമാ വിഹാരിയും 126 പന്തിൽ 125 റൺസ് നേടിയ സർഫറാസ് ഖാനുമാണ് ക്രീസിലുള്ളത്.

നേരത്തേ ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്രയെ നാല് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാർ, മൂന്ന് വിക്കറ്റ് വീതം നേടിയ കുൽദീപ് സെൻ, ഉമ്രാൻ മാലിക്ക് എന്നിവരുടെ മികവിലാണ് 98 റൺസിൽ റെസ്റ്റ് ഓഫ് ഇന്ത്യ ചുരുക്കികെട്ടിയത്.