Skip to content

തിരിച്ചുവരവിൽ തിളങ്ങി ജെമിമ, ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം, ശ്രീലങ്കയെ തകർത്തത് 41 റൺസിന്

വുമൺസ് ഏഷ്യ കപ്പിൽ ഇന്ത്യയ്ക്ക് വിജയതുടക്കം. ടൂർണമെൻ്റിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കയെ 41 റൺസിനാണ് ഇന്ത്യ പരാജയപെടുത്തിയത്.

മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 151 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 18.2 ഓവറിൽ 109 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. മൂന്ന് താരങ്ങൾക്ക് മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടക്കാൻ സാധിച്ചത്.

ഇന്ത്യയ്ക്ക് വേണ്ടി ദയലൻ ഹേമലത മൂന്ന് വിക്കറ്റും പൂജ വസ്ത്രകർ, ദീപ്തി ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതവും രാധ യാദവ് ഒരു വിക്കറ്റും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ പരിക്കിൽ നിന്നും മുക്തയായി തിരിച്ചെത്തിയ ജെമിമ റോഡ്രിഗസിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. 53 പന്തിൽ 11 ഫോറും ഒരു സിക്സും അടക്കം 76 റൺസ് നേടിയാണ് താരം പുറത്തായത്. ഷഫാലി വർമ്മ 10 റൺസും സ്മൃതി മന്ദാന 6 റൺസും നേടി പുറത്തായപ്പോൾ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ 30 പന്തിൽ 33 റൺസ് നേടി പുറത്തായി.

ഒക്ടോബർ മൂന്നിന് മലേഷ്യയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ്, യു എ ഇ, മലേഷ്യ, തായ്‌ലൻഡ് എന്നീ ഏഴ് ടീമുകളാണ് ബംഗ്ലാദേശിൽ നടക്കുന്ന ടൂർണ്ണമെൻ്റിൽ മാറ്റുരയ്ക്കുന്നത്.