Skip to content

ഗെയ്ലിൻ്റെ ഫിഫ്റ്റിയും രക്ഷിച്ചില്ല, പത്താൻ ബ്രദേഴ്സിൻ്റെ വെടിക്കെട്ടിൽ തകർപ്പൻ വിജയം കുറിച്ച് ഭിൽവാര കിങ്സ്

ക്രിസ് ഗെയ്ലിൻ്റെ തകർപ്പൻ ബാറ്റിങ് മികവിലും ഭിൽവാര കിങ്സിന് മുൻപിൽ അടിയറവ് പറഞ്ഞ് ഗുജറാത്ത് ജയൻ്റ്സ്. ലെജൻഡ്സ് ലീഗിലെ പതിനൊന്നാം മത്സരത്തിൽ അഞ്ച് വിക്കറ്റിനാണ് ഇർഫാൻ പത്താൻ്റെ ഭിൽവാര കിങ്സിനോട് ഗുജറാത്ത് ജയൻ്റ്സ് പരാജയപെട്ടത്.

മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സ് ഉയർത്തിയ 187 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിലെ നാലാം പന്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഭിൽവാര മറികടന്നു.

18 പന്തിൽ ഒരു ഫോറും നാല് സിക്സും അടക്കം 39 റൺസ് നേടിയ യൂസഫ് പത്താൻ, 14 പന്തിൽ പുറത്താകാതെ 26 റൺസ് നേടിയ ഇർഫാൻ പത്താൻ, 24 പന്തിൽ 39 റൺസ് നേടിയ ജേസൽ കരിയ, 37 പന്തിൽ 40 റൺസ് നേടിയ വില്യം പോർട്ടർഫീൽഡ് എന്നിവരുടെ മികവിലാണ് ഭിൽവാര കിങ്സ് വിജയം കുറിച്ചത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ജയൻ്റ്സ് 40 പന്തിൽ 9 ഫോറും 3 സിക്സും അടക്കം 68 റൺസ് നേടിയ ക്രിസ് ഗെയ്ൽ, 37 പന്തിൽ 58 റൺസ് നേടിയ യാഷ്പാൽ സിങ് എന്നിവരുടെ മികവിലാണ് മികച്ച സ്കോർ നേടിയത്. സെവാഗിൻ്റെ അഭാവത്തിൽ പാർതിവ് പട്ടേലായിരുന്നു മത്സരത്തിൽ ഗുജറാത്ത് ജയൻ്റ്സിനെ നയിച്ചത്.