Skip to content

പാക് ബൗളർമാരെ പഞ്ഞിക്കിട്ട് ഫിലിപ്പ് സാൾട്ട്, തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്

ഫിലിപ്പ് സാൾട്ടിൻ്റെ വെടിക്കെട്ട് ബാറ്റിങ് മികവിൽ പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ ആറാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇംഗ്ലണ്ട്. ലാഹോറിൽ നടന്ന മത്സരത്തിൽ 8 വിക്കറ്റിനാണ് ഇംഗ്ലണ്ട് വിജയിച്ചത്.

മത്സരത്തിൽ പാകിസ്ഥാൻ ഉയർത്തിയ 170 റൺസിൻ്റെ വിജയലക്ഷ്യം 14.3 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു. 41 പന്തിൽ 13 ഫോറും 3 സിക്സും ഉൾപ്പടെ പുറത്താകാതെ 87 റൺസ് നേടിയ ഫിലിപ്പ് സാൾട്ടാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. അലക്സ് ഹെയ്ൽസ് 12 പന്തിൽ 27 റൺസും ഡേവിഡ് മലാൻ 18 പന്തിൽ 26 റൺസും നേടി പുറത്തായപ്പോൾ ബെൻ ഡക്കറ്റ് 26 റൺസ് നേടി പുറത്താകാതെ നിന്നു.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 59 പന്തിൽ 7 ഫോറും 3 സിക്സും ഉൾപ്പടെ പുറത്താകാതെ 87 റൺസ് നേടിയ ക്യാപ്റ്റൻ ബാബർ അസമിൻ്റെ മികവിലാണ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് നേടിയത്.

ഇംഗ്ലണ്ടിന് വേണ്ടി ഡേവിഡ് വില്ലി, സാം കറൺ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി. മത്സരത്തിലെ വിജയത്തോടെ ഇരു ടീമുകളും പരമ്പരയിൽ ഒപ്പത്തിനൊപ്പമെത്തി. ഞായറാഴ്ച്ചയാണ് പരമ്പരയിലെ ഏഴാമത്തെയും അവസാനത്തെയും മത്സരം നടക്കുന്നത്.