Skip to content

തകർപ്പൻ നേട്ടത്തിൽ സച്ചിനെ പിന്നിലാക്കാൻ സൂര്യകുമാർ യാദവിന് വേണ്ടത് വെറും നാല് സിക്സ്

സൗത്താഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവിനെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. ഇതിനോടകം ടി20 ക്രിക്കറ്റിൽ നിരവധി റെക്കോർഡുകൾ സൂര്യകുമാർ യാദവ് നേടികഴിഞ്ഞു. ഇനി നാല് സിക്സ് കൂടെ നേടിയാൽ തകർപ്പൻ നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കുവാൻ സൂര്യകുമാർ യാദവിന് സാധിക്കും.

ഇന്ത്യൻ ടീമിനായി ടി20 ക്രിക്കറ്റിൽ തകർപ്പൻ പ്രകടനമാണ് സൂര്യകുമാർ യാദവ് കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഫിഫ്റ്റി നേടികൊണ്ട് സൂര്യകുമാർ യാദവ് ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. കഴിഞ്ഞ മത്സരത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ ഒരു വർഷം ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോർഡ് സൂര്യകുമാർ യാദവ് സ്വന്തമാക്കിയിരുന്നു.

ഈ വർഷം ടി20 ക്രിക്കറ്റിൽ നേടിയ 45 സിക്സ് അടക്കം അന്താരാഷ്ട്ര ക്രിക്കറ്റിൽ 48 സിക്സ് സൂര്യകുമാർ യാദവ് നേടിയിട്ടുണ്ട്. ഇനി നാല് സിക്സ് കൂടെ നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടത്തിൽ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി നാലാം സ്ഥാനത്തെത്താൻ സൂര്യകുമാർ യാദവിന് സാധിക്കും.

1998 ൽ എല്ലാ ഫോർമാറ്റിൽ നിന്നുമായി 51 സിക്സ് സച്ചിൻ ടെണ്ടുൽക്കർ നേടിയിരുന്നു. ഈ നേട്ടത്തിൽ ആദ്യ മൂന്ന് സ്ഥാനത്തുള്ളത് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയാണ്. 2019 ൽ 78 സിക്സ് നേടിയ ഹിറ്റ്മാൻ 2018 ൽ 74 സിക്സും 2017 ൽ 65 സിക്സും നേടിയിരുന്നു.