Skip to content

അവൻ പൂർണമായി തകരും, ബുംറയുടെ പരിക്കിന് പുറകെ വൈറലായി ഷോയിബ് അക്തറുടെ പഴയ അഭിമുഖം

പരിക്ക് മൂലം ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിൽ നിന്നും പുറത്തായതോടെ സോഷ്യൽ മീഡിയയിൽ വൈറലായി മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തറുടെ പഴയ അഭിമുഖം. പ്രമുഖ ഇന്ത്യൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബുംറയുടെ ആക്ഷനെ കുറിച്ചും താരം നേരിടാൻ പോകുന്ന ബുദ്ധിമുട്ടുകളെ കുറിച്ചുമുള്ള തൻ്റെ നിരീക്ഷണം അക്തർ തുറന്നുപറഞ്ഞിരുന്നു.

” ബുംറയുടെ ബൗളിങ് ഫ്രണ്ട്‌ലി ആക്ഷനെ അടിസ്ഥാനമാക്കിയുള്ളതാണ്. അത്തരത്തിൽ ആക്ഷനുള്ള ബൗളർമാർ അവരുടെ പിൻഭാഗം കൊണ്ടും ഷോൾഡർ സ്പീഡും കൊണ്ടാണ് പന്തെറിയുക. ഞങ്ങളുടേത് സൈഡ് ഓൺ ആക്ഷനാണ്, അവിടെ പിൻഭാഗത്തെ സമ്മർദ്ദത്തെ കുറയ്ക്കാൻ സാധിക്കും. പക്ഷേ ഫ്രണ്ട് ഓൺ ആക്ഷന് അത് സാധിക്കില്ല. ആ ആക്ഷനിൽ പിൻഭാഗം വഴങ്ങുമ്പോൾ എത്ര ശ്രമിച്ചാലും പരിക്കിൽ നിന്നും രക്ഷപെടാൻ സാധിക്കില്ല. ” അന്നത്തെ അഭിമുഖത്തിൽ അക്തർ പറഞ്ഞു.

” ഇയാൻ ബിഷപ്പും ബോണ്ടും മുതുകിൽ ബുദ്ധിമുട്ടുകൾ നേരിടുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവരുടേതും ഫ്രണ്ടൽ ആക്ഷനായിരുന്നു. ഒരു മത്സരം കളിച്ചാൽ പിന്നീട് വിശ്രമം ഉറപ്പുവരുത്താൻ ബുംറ ശ്രദ്ധിക്കണം. അവൻ അത് കൈകാര്യം ചെയ്യേണ്ടതുണ്ട്. ”

” എല്ലാ മത്സരങ്ങളിലും ബുംറയെ കളിപ്പിച്ചാൽ ഒരു വർഷം കൊണ്ട് അവൻ പൂർണമായും തകരും. അഞ്ച് മത്സരങ്ങളിൽ മൂന്നിൽ മാത്രം അവനെ കളിപ്പിക്കുക. എന്നെന്നേക്കും കളികളത്തിൽ തുടരണമെങ്കിൽ അവൻ ഈ കാര്യം ചെയ്യേണ്ടിവരും. ” അഭിമുഖത്തിൽ അക്തർ പറഞ്ഞു.