Skip to content

എന്നിൽ ടെസ്റ്റ് ക്രിക്കറ്ററെ കണ്ടെത്തിയത് അദ്ദേഹമാണ്, തൻ്റെ കരിയറിൽ സെവാഗിൻ്റെ സ്വാധീനം തുറന്നുപറഞ്ഞ് ഡേവിഡ് വാർണർ

തൻ്റെ കരിയറിൽ വഴിതിരിവായത് ഇന്ത്യൻ പ്രീമിയർ ലീഗിനിടെ മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് പറഞ്ഞ വാക്കുകളാണെന്ന് ഓസ്ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ. പ്രമുഖ ഓസ്ട്രേലിയൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തൻ്റെ കരിയറിൽ സെവാഗ് വഹിച്ച പങ്ക് വാർണർ തുറന്നുപറഞ്ഞത്.

ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ ഒരു മത്സരം പോലും കളിക്കാതെയാണ് വാർണർ ഓസ്ട്രേലിയക്ക് വേണ്ടി ഏകദിനത്തിലും ടി20 ക്രിക്കറ്റിലും അരങ്ങേറ്റം കുറിച്ചത്. വൈറ്റ് ബോൾ സ്പെഷ്യലിസ്റ്റ് എന്ന് പേരെടുത്ത വാർണർ പിന്നീട് ഐ പി എല്ലിൽ എത്തുകയും ലോകത്തിലെ ഏറ്റവും മികച്ച വെടിക്കെട്ട് ഓപ്പണർമാരിൽ ഒരാളായ സെവാഗിനൊപ്പം ഡൽഹി ഡെയർ ഡെവിൾസിന് വേണ്ടി ഓപൺ ചെയ്യുകയും ചെയ്തു. 2011 ലെ ആ സീസണിലാണ് കരിയറിൽ തന്നെ വഴിതിരിവായ നിർദേശം സെവാഗ് തനിക്ക് നൽകിയതെന്ന് വാർണർ തുറന്നുപറഞ്ഞു.

” ഞാൻ ഡൽഹിയ്ക്ക് വേണ്ടി കളിക്കവെ സെവാഗ് ഒന്നു രണ്ട് തവണ എന്നെ വീക്ഷിച്ചു. ഒരു ടി20 പ്ലേയർ എന്നതിനപ്പുറം മികച്ച ടെസ്റ്റ് ക്രിക്കറ്ററാകാൻ എനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ”

” ഞാൻ അദ്ദേഹത്തെ നോക്കികൊണ്ട് പറഞ്ഞു ‘ സുഹൃത്തേ ഞാൻ ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിച്ചിട്ടില്ല. ‘ അദ്ദേഹം മറുപടിയായി ഇപ്രകാരം പറഞ്ഞു ‘ എല്ലാ ഫീൽഡർമാരും ബാറ്റിന് ചുറ്റുമുണ്ട്. പന്ത് നിങ്ങളുടെ സോണിൽ വന്നാൽ തീർച്ചയായും സ്കോർ ചെയ്യാൻ ശ്രമിക്കും. ടെസ്റ്റിൽ റൺസ് സ്കോർ ചെയ്യാനുള്ള ധാരാളം അവസരങ്ങൾ ലഭിക്കും. നല്ല പന്തിനെ എല്ലായ്പ്പോഴും ബഹുമാനിക്കേണ്ടതുണ്ട്, അതുപോലെ ശിക്ഷിക്കേണ്ട പന്തിനെ ശിക്ഷിക്കുകയും വേണം. ” വാർണർ പറഞ്ഞു.

ഒരു ഫസ്റ്റ് ക്ലാസ് മത്സരം പോലും കളിക്കാതെ പിന്നീട് ഓസ്ട്രേലിയക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വാർണർ 96 മത്സരങ്ങളിൽ നിന്നും 24 സെഞ്ചുറിയടക്കം 7817 റൺസ് നേടിയിട്ടുണ്ട്. നിലവിലെ കളിക്കാരിൽ ഫാബ് ഫോറിന് (കോഹ്ലി, സ്മിത്ത്, റൂട്ട്, വില്യംസൺ) ശേഷം ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ചുറി നേടിയ ബാറ്റ്സ്മാൻ കൂടിയാണ് വാർണർ.