Skip to content

ഞാനാണെങ്കിൽ ബാറ്റ്സ്മാനെ തിരിച്ചുവിളിക്കും, മങ്കാദിങിനെ കുറിച്ചുള്ള അഭിപ്രായം അറിയിച്ച് ജോസ് ബട്ട്ലർ

നോൺ സ്ട്രൈക്കർ എൻഡിൽ ബാറ്റ്സ്മാനെ റണ്ണൗട്ടാക്കുന്നതിൽ തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ട്ലർ. മങ്കാദിങ് എന്നറിയപെട്ടിരുന്ന ഈ ഡിസ്മിസ്സൽ ഐസിസി അൺഫെയർ പ്ലേയിൽ നിന്നും റണ്ണൗട്ടിൻ്റെ സെക്ഷനിലേക്ക് മാറ്റിയിരുന്നു. ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ഏകദിനത്തിൽ ചാർലി ഡീനിനെ ദീപ്തി ശർമ്മ നോൺ സ്ട്രൈക്കർ എൻഡിൽ റണ്ണൗട്ടാക്കിയതിനെ കുറിച്ച് പ്രതികരിക്കവെയാണ് തൻ്റെ അഭിപ്രായം ബട്ട്ലർ തുറന്നുപറഞ്ഞത്.

2019 ഐ പി എൽ സീസണിൽ അശ്വിൻ ഇതേ രീതിയിൽ ബട്ട്ലറെ പുറത്താക്കിയത് ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഒടുവിൽ ഈ നിയമമാറ്റത്തിലേക്ക് വഴിയൊരുക്കിയതും ആ പുറത്താകലായിരുന്നു. എന്നാൽ ഈ ഡിസ്മിസ്സൽ ക്രിക്കറ്റിന് മാന്യത എതിരാണെന്ന തൻ്റെ അഭിപ്രായത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയ ബട്ട്ലർ താൻ ക്യാപ്റ്റനായിരിക്കെ ലോക ഫൈനലിൽ ആണെങ്കിൽ പോലും സഹകളിക്കാർ മങ്കാദിങ് ചെയ്താൽ അതിനെ പിന്തുണയ്ക്കില്ലെന്നും തുറന്നുപറഞ്ഞു.

” ഇല്ല ഞാൻ ഒരിക്കലും പിന്തുണയ്ക്കില്ല. ഞാൻ ബാറ്റ്സ്മാനെ തിരിച്ചുവിളിക്കും. ഇത്തരം ഡിസ്മിസ്സൽ കളിയിൽ കാണുവാൻ ആരും ആഗ്രഹിക്കില്ല കാരണം ഈ ഡിസ്മിസ്സലായിരിക്കും പിന്നീട് സംസാരവിഷയം. ക്രിക്കറ്റ് ആളുകൾ കാണുമ്പോൾ അത് ബാറ്റും ബോളും തമ്മിലുള്ള പോരാട്ടം മാത്രമായിരിക്കണം. ”

” ഇത്തരം പുറത്താകൽ എല്ലായ്പോഴും അസുഖകരമായ നിമിഷങ്ങൾ സൃഷ്ടിക്കുന്നു. ” ജോസ് ബട്ട്ലർ പറഞ്ഞു.

നോൺ സ്ട്രൈക്കർമാർ ക്രീസ് വിട്ടിറങ്ങി അന്യായമായി നേട്ടം കൈവരിക്കുന്നത് തടയുവാൻ നിയമം വേണമെന്ന് താൻ മനസ്സിലാക്കുന്നുവെന്നും പക്ഷേ ഇപ്പോഴുള്ള നിയമത്തിൽ ഒരുപാട് പഴുതുകൾ ഉണ്ടെന്നും അതിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും ബട്ട്ലർ കൂട്ടിച്ചേർത്തു.