Skip to content

പദ്ധതികൾ ഞാൻ തയ്യാറാക്കികഴിഞ്ഞു, അവർ എനിക്കെതിരെ ബുദ്ധിമുട്ടും, ഇന്ത്യയെ വെല്ലുവിളിച്ച് പാകിസ്ഥാൻ പേസർ

ഐസിസി ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി പാകിസ്ഥാൻ പേസർ ഹാരിസ് റൗഫ്. കഴിഞ്ഞ ലോകകപ്പിലെ സമ്മർദ്ദം ഇപ്പോൾ തനിക്കില്ലെന്നും മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തന്നെ നേരിടാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർ ബുദ്ധിമുട്ടുമെന്നും ഹാരിസ് റൗഫ് പറഞ്ഞു.

” ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ എല്ലായ്പ്പോഴും സമ്മർദ്ദം നിറഞ്ഞതാണ്. കഴിഞ്ഞ ലോകകപ്പിൽ എനിക്ക് വളരെയധികം സമ്മർദം അനുഭവപെട്ടിരുന്നു. പക്ഷേ ഏഷ്യ കപ്പിലെ രണ്ട് മത്സരങ്ങളിലും എനിക്കത് അനുഭവപെട്ടില്ല. കാരണം ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കണം എന്നെനിക്ക് അറിയാമായിരുന്നു. ”

” എൻ്റെ കഴിവ് പുറത്തെടുത്താൽ അവർക്കെന്നെ എളുപ്പത്തിൽ നേരിടാൻ കഴിയില്ല. വരാനിരിക്കുന്ന ലോകകപ്പ് പോരാട്ടത്തിൽ ഞാൻ ആവേശത്തിലാണ്. കാരണം മത്സരം നടക്കുന്നത് മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ്. മെൽബൺ സ്റ്റാർസിന് വേണ്ടി കളിക്കുന്നതിനാൽ അതെൻ്റെ ഹോം ഗ്രൗണ്ട് കൂടിയാണ്. അവിടുത്തെ സാഹചര്യങ്ങളെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. ഇന്ത്യയ്ക്കെതിരെ എങ്ങനെ പന്തെറിയണമെന്ന് ഞാൻ ഇപ്പോൾ തന്നെ ആസൂത്രണം ചെയ്തുതുടങ്ങി. ” ഹാരിസ് റൗഫ് കൂട്ടിച്ചേർത്തു.

ഏഷ്യ കപ്പിൽ ഇന്ത്യയ്ക്കെതിരെ മികവ് പുലർത്താൻ റൗഫിന് സാധിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളിൽ ഒരേയൊരു വിക്കറ്റ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്. നാലോവറിൽ യഥാക്രമം 35 റൺസും 38 റൺസും താരം വിട്ടുകൊടുത്തിരുന്നു.