Skip to content

സെഞ്ചുറി നേടിയിട്ടും ബാബറിന് രക്ഷയില്ല, റാങ്കിങിൽ മുന്നേറ്റം തുടർന്ന് ഇന്ത്യയുടെ സൂര്യകുമാർ യാദവ്

ഐസിസി ടി20 റാങ്കിങിൽ മുന്നേറ്റം തുടർന്ന് ഇന്ത്യൻ സ്റ്റാർ ബാറ്റ്സ്മാൻ സൂര്യകുമാർ യാദവ്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തോടെയാണ് റാങ്കിങിൽ സൂര്യകുമാർ യാദവ് വീണ്ടും മുന്നേറ്റം നടത്തിയത്.

മത്സരത്തിൽ 36 പന്തിൽ 69 റൺസ് നേടിയ സൂര്യകുമാർ യാദവ് മൂന്നാം സ്ഥാനത്തുനിന്നും സൗത്താഫ്രിക്കൻ താരം എയ്ഡൻ മാർക്രത്തെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി. ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20 മത്സരത്തിൽ സെഞ്ചുറി നേടിയെങ്കിലും റാങ്കിങിൽ സൂര്യകുമാർ യാദവിനെ പിന്നിലാക്കാൻ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിന് സാധിച്ചില്ല. പക്ഷേ മാർക്രത്തെ പിന്നിലാക്കി മൂന്നാം സ്ഥാനത്തെത്തുവാൻ പാക് ക്യാപ്റ്റന് സാധിച്ചു.

ഇംഗ്ലണ്ടിനെതിരെ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്ന പാക് വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനാണ് റാങ്കിങിൽ ഒന്നാം സ്ഥാനത്തുള്ളത്. പരമ്പരയിലെ പ്രകടനത്തോടെ തൻ്റെ കരിയർ ബെസ്റ്റ് റേറ്റിങും താരം സ്വന്തമാക്കി. 861 പോയിൻ്റാണ് നിലവിൽ റിസ്വാനുള്ളത്. രണ്ടാം സ്ഥാനത്തുള്ള സൂര്യകുമാർ യാദവിന് 801 പോയിൻ്റും മൂന്നാം സ്ഥാനത്തുള്ള ബാബർ അസമിന് 799 പോയിൻ്റുമാണുള്ളത്.

ഓസ്ട്രേലിയക്കെതിരായ മൂന്നാം മത്സരത്തിൽ ഫിഫ്റ്റി നേടിയ വിരാട് കോഹ്ലി റാങ്കിങിൽ പതിനഞ്ചാം സ്ഥാനത്തെത്തി.