Skip to content

ഐ പി എല്ലിൽ മാത്രമല്ല, സഞ്ജു അവിടെയും മികവ് കാണിക്കണം, നിർദ്ദേശവുമായി എസ് ശ്രീശാന്ത്

ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജു സാംസൻ്റെ ആരാധക പിന്തുണ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ മാത്രമല്ല കേരളത്തിന് പുറത്തും നിരവധി ആരാധകർ സഞ്ജുവിനുണ്ട്. ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയും ഇന്ത്യ എ യ്ക്ക് വേണ്ടിയും മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ സഞ്ജുവിന് നിർദ്ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്. മറ്റാരും മുന്നോട്ട് വെക്കാത്ത നിർദ്ദേശമാണ് സഞ്ജുവിന് ശ്രീ നൽകിയിരിക്കുന്നത്.

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ സഞ്ജു തിരിച്ചെത്തണമെന്നാണ് ശ്രീശാന്ത് നിർദ്ദേശിച്ചിരിക്കുന്നത്. അവസാനമായി 2019 ലാണ് സഞ്ജു കേരളത്തിന് വേണ്ടി ഫസ്റ്റ് ക്ലാസ്സ് മത്സരം കളിച്ചത്.

” അവൻ സ്ഥിരത പുലർത്തേണ്ടതുണ്ട്. നോക്കൂ എല്ലാവരും ഐ പി എല്ലിനെ കുറിച്ച് സംസാരിക്കുന്നു. ഞാൻ കേരളത്തിൽ നിന്നാണ് അവനെ എല്ലായ്പ്പോഴും പിന്തുണച്ചിട്ടുണ്ട്. അണ്ടർ 14 മുതൽ ഞാൻ അവനെ കാണുന്നു. അവൻ എൻ്റെ കീഴിൽ കളിച്ചിട്ടുണ്ട്. രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ അവന് ക്യാപ് നൽകിയത് ഞാനായിരുന്നു. ഇത് അവനോടുള്ള അഭ്യർത്ഥനയാണ്, അവൻ ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളിൽ കളിച്ചുതുടങ്ങണം. ” ശ്രീശാന്ത് പറഞ്ഞു.

” അതെ ഐ പി എൽ പ്രധാനപെട്ടതാണ്. അതവന് പേരും പ്രശസ്തിയും സമ്പത്തും നൽകും. പക്ഷേ എൻ്റെ അഭിപ്രായത്തിൽ ഏതൊരു കളിക്കാരനും അവൻ്റെ സംസ്ഥാനത്തിന് വേണ്ടി, പ്രത്യേകിച്ച് ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റിൽ മികച്ച പ്രകടനം പുറത്തെടുക്കണം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കളിച്ച് മികച്ച പ്രകടനം സഞ്ജു പുറത്തെടുക്കണം. സെഞ്ചുറികൾ മാത്രമല്ല ഡബിൾ സെഞ്ചുറികൾ നേടണം. കേരളത്തിന് വേണ്ടി രഞ്ജി ട്രോഫിയും വിജയ് ഹസാരെ ട്രോഫിയും വിജയിക്കണം. എങ്കിൽ മാത്രമേ കേരളത്തിലെ കളിക്കാർ മുൻപോട്ട് വരികയുള്ളൂ. ” ശ്രീശാന്ത് കൂട്ടിച്ചേർത്തു.