Skip to content

കേരള മണ്ണിൽ കിങ് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്, ഇനി വേണ്ടത് 22 റൺസ് മാത്രം

കാര്യവട്ടത്ത് നടക്കുന്ന ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുളള ആദ്യ ടി20 യിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. മത്സരത്തിൽ 22 റൺസ് നേടിയാൽ ടി20 ക്രിക്കറ്റിൽ മറ്റൊരു ഇന്ത്യൻ ബാറ്റ്സ്മാനും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കാൻ കോഹ്ലിയ്ക്ക് സാധിക്കും.

ടി20 ക്രിക്കറ്റിൽ ഇതുവരെ 352 മത്സരങ്ങൾ കളിച്ചിട്ടുള്ള കോഹ്ലി 335 ഇന്നിങ്സിൽ നിന്നും 40.21 ശരാശരിയിൽ 130 ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 10,978 റൺസ് നേടിയിട്ടുണ്ട്. ഇനി 22 കൂടെ നേടാനായാൽ ടി20 ക്രിക്കറ്റിൽ 11,000 റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാനെന്ന റെക്കോർഡ് സ്വന്തമാക്കുവാൻ കോഹ്ലിക്ക് സാധിക്കും.

മൂന്ന് താരങ്ങൾ മാത്രമാണ് ടി20 ക്രിക്കറ്റിൽ 11000 റൺസ് നേടിയിട്ടുള്ളത്. 11,902 റൺസ് നേടിയിട്ടുള്ള പാക് താരം ഷോയിബ് മാലിക്ക്, 11,915 റൺസ് നേടിയിട്ടുള്ള വിൻഡീസ് താരം കീറോൺ പൊള്ളാർഡ്, 14,562 റൺസ് നേടിയിട്ടുള്ള ക്രിസ് ഗെയ്ൽ എന്നിവരാണ് ടി20 ക്രിക്കറ്റിൽ 11,000 റൺസ് ക്ലബ്ബിലുള്ള താരങ്ങൾ.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് കിങ് കോഹ്ലി കാഴ്ച്ചവെച്ചത്. 48 പന്തിൽ 3 ഫോറും 4 സിക്സും അടക്കം 63 റൺസ് വിരാട് കോഹ്ലി നേടിയിരുന്നു. കാര്യവട്ടത്ത് കോഹ്ലിയുടെ തകർപ്പൻ ഇന്നിങ്സ് തന്നെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.