Skip to content

അവനെ പോലെയൊരു പ്ലേയർ ഞങ്ങൾക്കില്ല, പാകിസ്ഥാൻ്റെ പ്രാധാന പോരായ്മ ചൂണ്ടികാട്ടി മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി

പാകിസ്ഥാൻ ടീമിലെ പ്രധാന പോരായ്മ ചൂണ്ടികാട്ടി മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. പ്രമുഖ പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ പ്രശംസിച്ച് കൊണ്ട് നിലവിലെ പാകിസ്ഥാൻ ടീമിലെ പോരായ്മ അഫ്രീദി ചൂണ്ടികാട്ടി.

ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പർ മൊഹമ്മദ് റിസ്വാനും സ്ഥിരതയോടെ റൺസ് നേടുന്നുവെങ്കിലും ഹാർദിക് പാണ്ഡ്യയെ പോലെ കഴിവുള്ള ഓൾ റൗണ്ടറുടെയും ഫിനിഷറുടെയും അഭാവം പാകിസ്ഥാന് പ്രാധാന പോരായ്മയാണെന്ന് അഫ്രീദി ചൂണ്ടികാട്ടി.

പേരിന് ഓൾ റൗണ്ടർമാരായി മൊഹമ്മദ് നവാസും ഷദാബ് ഖാനും അടക്കമുള്ളവർ ഉണ്ടെങ്കിലും ഹാർദിക് പാണ്ഡ്യയെ സ്ഥിരതയോടെ തിളങ്ങാനും മത്സരങ്ങൾ ഫിനിഷ് ചെയ്യാനും ഈ താരങ്ങൾക്ക് സാധിക്കില്ലെന്നും അഫ്രീദി പറഞ്ഞു.

” ഹാർദിക് പാണ്ഡ്യയെ പോലെയൊരു കളിക്കാരനെ നമുക്ക് ആവശ്യമാണ്. നിർണ്ണായക ഓവറുകൾ എറിയാനും മിഡിൽ ഓവറിൽ ഇറങ്ങി മത്സരങ്ങൾ ഫിനിഷ് ചെയ്യാനും വിശ്വസ്തനായ പ്ലേയർ. പാകിസ്ഥാൻ ടീമിൽ അത്തരത്തിൽ ഫിനിഷ് ചെയ്യാൻ സാധിക്കുന്ന കളിക്കാർ ഉണ്ടെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ ? ” അഫ്രീദിയോട് അവതാരകൻ ചോദിച്ചു.

” താങ്കൾ പറഞ്ഞത് ശരിയാണ്, ഹാർദിക്കിനെ പോലെയൊരു ഫിനിഷർ നമുക്കില്ല. ആസിഫ് അലിയും ഖുഷ്ദിലും ആ ജോലി നിർവഹിക്കുമെന്നാണ് ഞാൻ കരുതിയത്. പക്ഷേ അവർക്കതിന് സാധിച്ചില്ല. നവാസും ഷദാബും സ്ഥിരതയുള്ളവരല്ല. ഈ നാല് പേരിൽ രണ്ട് പേരെങ്കിലും സ്ഥിരത പുലർത്തണം. ” അഫ്രീദി മറുപടി നൽകി.