Skip to content

ലോർഡ്സിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുമോ, ഇന്ത്യ – പാക് ടെസ്റ്റ് പരമ്പരയ്ക്ക് വേദിയാകാൻ താൽപ്പര്യം പ്രകടിപ്പിച്ച് ഇംഗ്ലണ്ട്

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടങ്ങൾ ഐസിസി ടൂർണമെൻ്റിലും ഏഷ്യ കപ്പിലും കാണുവാൻ സാധിക്കുന്നുവെങ്കിലും ഇരു ടീമുകളും തമ്മിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റുമുട്ടിയിട്ട് കാലങ്ങൾ ഏറെയായി. ഇതിനിടയിൽ ഇരു രാജ്യത്തുള്ള ആരാധകർക്ക് ഏറെ പ്രതീക്ഷയും ആവേശവും നൽകുന്ന വാർത്തയാണ് ഇംഗ്ലണ്ടിൽ നിന്നെത്തിയിട്ടുള്ളത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് വേദിയാകാൻ താൽപ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. പ്രമുഖ ഇംഗ്ലീഷ് മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇതിന് മുൻപ് അവസാനമായി 2008 ലാണ് ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ പരമ്പര 1-0 ന് സ്വന്തമാക്കിയിരുന്നു. തുടർന്ന് 2008 ലെ ഭീകരാക്രമണത്തിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാവുകയും പിന്നീട് ഇരുടീമുകളും തമ്മിലുളള പോരാട്ടം ഐസിസി ടൂർണമെൻ്റുകളിൽ മാത്രമായി ചുരുങ്ങുകയും ചെയ്തു.

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചെങ്കിലും ഇരു രാജ്യങ്ങൾ തമ്മിലുളള പരമ്പരകൾ ഒഴിവാക്കിയിരുന്നു. ഇരുടീമുകളും ഫൈനലിൽ പ്രവേശിച്ചാൽ മാത്രമേ വീണ്ടും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് മത്സരം സാധ്യമാവുകയുള്ളൂ. അതിനിടയിലാണ് പരമ്പരയ്ക്ക് വേദിയാകുവാൻ ഇംഗ്ലണ്ട് താൽപര്യം പ്രകടിപ്പിച്ചത്. ഇതു സംബന്ധിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡുമായി ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ വാർത്തകളോട് ബിസിസിഐയും പി സി ബിയും പ്രതികരിച്ചിട്ടില്ല.

ഇതിന് മുൻപ് 2010 ൽ പാകിസ്ഥാനും ഓസ്ട്രേലിയയും തമ്മിലുളള ടെസ്റ്റ് പരമ്പരയ്ക്ക് ഇംഗ്ലണ്ട് വേദിയായിരുന്നു. കൂടാതെ ഇംഗ്ലണ്ടിൽ വെച്ചുനടന്ന 2013 ലെയും 2017 ലെയും ചാമ്പ്യൻസ് ട്രോഫിയിലും 2019 ഏകദിന ലോകകപ്പിലും ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടിയിരുന്നു.