Skip to content

സഞ്ജുവിന് കീഴിൽ കിവികളെ വെള്ളപൂശി ഇന്ത്യ, മൂന്നാം ഏകദിനത്തിൽ സ്വന്തമാക്കിയത് തകർപ്പൻ വിജയം

ന്യൂസിലൻഡ് എ യ്ക്കെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ 106 റൺസിൻ്റെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ എ. മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര സഞ്ജുവും കൂട്ടരും തൂത്തുവാരി.

മത്സരത്തിൽ 285 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ന്യൂസിലൻഡ് എ യ്ക്ക് 38.3 ഓവറിൽ 178 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 89 പന്തിൽ 83 റൺസ് നേടിയ ഡെയ്ൻ ക്ലെവർ മാത്രമാണ് ന്യൂസിലൻഡ് നിരയിൽ തിളങ്ങിയത്.

ഇന്ത്യയ്ക്ക് വേണ്ടി രജൻഗാദ് ബാവ നാല് വിക്കറ്റും കുൽദീപ് യാദവ്, രാഹുൽ ചഹാർ എന്നിവർ രണ്ട് വിക്കറ്റ് വീതവും രാഹുൽ ത്രിപാതി, റിഷി ധവാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 68 പന്തിൽ 54 റൺസ് നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ, 62 പന്തിൽ 50 റൺസ് നേടിയ തിലക് വർമ്മ, 33 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയ ഷാർദുൽ താക്കൂർ, 34 റൺസ് നേടിയ ഋഷി ധവാൻ എന്നിവരുടെ മികവിലാണ് 284 റൺസ് നേടിയത്.

പരമ്പരയിലെ ആദ്യ മത്സരത്തിൽ 7 വിക്കറ്റിന് വിജയിച്ച ഇന്ത്യ എ രണ്ടാം മത്സരത്തിൽ നാല് വിക്കറ്റിന് വിജയിച്ചിരുന്നു.