Skip to content

കേരളത്തിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയവുമായി ബിസിസിഐ, സൗരവ് ഗാംഗുലി മുഖ്യമന്ത്രിയുമായി ചർച്ച നടത്തും

കേരളത്തിൽ ക്രിക്കറ്റിന് മാത്രമായി പുതിയ സ്റ്റേഡിയം പണിയാനൊരുങ്ങി ബിസിസിഐ. കേരളത്തിലെ വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലായിരിക്കും പുതിയ സ്റ്റേഡിയം പണിയുക.

പ്രമുഖ മലയാളം മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ബിസിസിഐ ജോയിൻ്റ് സെക്രട്ടറി ജയേഷ് ജോർജാണ് ക്രിക്കറ്റ് പ്രേമികൾക്ക് സന്തോഷം പകരുന്ന ഈ വാർത്ത പങ്കുവെച്ചത്. പുതിയ ക്രിക്കറ്റ് സ്റ്റേഡിയത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചിരുന്നുവെന്നും നാളെ ഇക്കാര്യത്തിൽ ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി മുഖ്യമന്ത്രിയുമായി കൂടികാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

നിലവിൽ കേരള ക്രിക്കറ്റ് അസോസിയേഷന് സ്വന്തമായി ഒരു അന്താരാഷ്ട്ര സ്റ്റേഡിയമില്ല. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം നിലവിൽ പ്രധാനമായും ഫുട്ബോൾ മത്സരങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. ഗ്രീൻ ഫീൽഡ് സ്റ്റേഡിയം ഗവൺമെൻ്റ് ഏറ്റെടുക്കുന്നതിൽ ചർച്ചകൾ നടക്കുന്നുണ്ടെന്നും ബിസിസിഐ ജോയിൻ്റ് സെക്രട്ടറി പറഞ്ഞു.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ സ്റ്റേഡിയത്തിൻ്റെ നിർമാണം പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വന്തമായി ഒരു സ്റ്റേഡിയം ഉണ്ടെങ്കിൽ മാത്രമേ നല്ല രീതിയിൽ ടെസ്റ്റ് മത്സരങ്ങൾ അടക്കം സംഘടിപ്പിക്കാൻ സാധിക്കുകയുള്ളൂ.