Skip to content

അതിനെ എന്തിനാണ് മങ്കാദിങുമായി താരതമ്യം ചെയ്യുന്നത്, ഇന്ത്യൻ ആരാധകരോട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇംഗ്ലണ്ട് താരം ചാർലീ ഡീനിനെ മങ്കാദിങ് ചെയ്തത് 2019 ഏകദിന ലോകകപ്പ് ഫൈനലിലെ സംഭവവുമായി താരതമ്യം ചെയ്യുന്നതിൽ നിരാശ പ്രകടിപ്പിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്.

ചാർലി ഡീനിനെ നോൺ സ്ട്രൈക്കർ എൻഡിൽ ദീപ്തി ശർമ്മ റണ്ണൗട്ടാക്കിയത് പുറകെ ക്രിക്കറ്റ് ലോകം ഇരുചേരികളിലായി നിന്നുകൊണ്ട് ചർച്ചകളും തർക്കങ്ങളും ആരംഭിച്ചിരുന്നു. ഇന്ത്യൻ ടീമിനെ വിമർശിച്ച് ബ്രോഡും ബില്ലിങ്സും ആൻഡേഴ്സണും അടക്കമുള്ള താരങ്ങൾ രംഗത്തെത്തിയപ്പോൾ ദീപ്തി ശർമ്മയെ പിന്തുണച്ച് മുൻ ഇന്ത്യൻ താരങ്ങളും ആരാധകരും രംഗത്തെത്തി. ഇതിലൊന്നും പങ്കാളിയല്ലെങ്കിൽ കൂടിയും ഇംഗ്ളണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിൻ്റെ പേരും ചർച്ചയിൽ വന്നിരുന്നു.

ദീപ്തി ശർമ്മയുടെയും ഇന്ത്യൻ ടീമിൻ്റെയും സ്പിരിറ്റിനെ ചോദ്യം ചെയ്ത ഇംഗ്ലണ്ട് താരങ്ങൾക്കും ആരാധകർക്കും 2019 ഏകദിന ലോകകപ്പ് ഫൈനലിലെ സംഭവങ്ങൾ ചൂണ്ടികാട്ടിയാണ് ഇന്ത്യൻ ആരാധകർ ചുട്ട മറുപടി നൽകിയിരുന്നത്. ഫൈനലിൽ ബൗണ്ടറികളുടെ എണ്ണത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇംഗ്ലണ്ട് വിജയം നേടിയത്. കൂടാതെ മത്സരത്തിൽ റണ്ണിനായി ഓടുന്നതിനിടെ ന്യൂസിലൻഡ് താരത്തിൻ്റെ ത്രോ ബെൻ സ്റ്റോക്സിൻ്റെ ബാറ്റിൽ തട്ടി ബൗണ്ടറിയാവുകയും അമ്പയർ 6 റൺസ് ടീമിന് നൽകുകയും ചെയ്തിരുന്നു. നിയമത്തിൽ ആനുകൂല്യത്തിൽ ലോകകപ്പ് നേടിയ ഇംഗ്ലണ്ട് ഇപ്പോൾ നിയമത്തെ തള്ളി പറയുന്ന കാഴ്ച്ചയ്ക്കാണ് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്.

എന്നാൽ തൻ്റെ ബാറ്റിൽ തട്ടി പന്ത് വ്യതിചലിച്ചതിനെ എന്തിനാണ് മങ്കാദിങുമായി താരതമ്യം ചെയ്യുന്നതെന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ഇംഗ്ളണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്. ട്വിറ്ററിലാണ് തൻ്റെ സംശയം ഇംഗ്ലണ്ട് ക്യാപ്റ്റൻ പങ്കുവെച്ചത്.

സംഭവം നടന്നുകഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞുവെങ്കിലും ചർച്ചകളും തർക്കങ്ങളും ഇതുവരെ അവസാനിച്ചിട്ടില്ലയെന്നതാണ് രസകരമായ കാര്യം. ഇന്നലെ ചാർലി ഡീനിന് തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന ദീപ്തി ശർമ്മയുടെ പ്രസ്താവനയ്ക്കെതിരെ ഇംഗ്ളണ്ട് ക്യാപ്റ്റൻ ഹെതർ നൈറ്റ് രംഗത്തെത്തിയിരുന്നു. ഇന്ത്യ നുണ പറയുകയാണെന്നായിരുന്നു ഇംഗ്ലണ്ട് വനിതാ ടീം ക്യാപ്റ്റൻ്റെ ആരോപണം.