Skip to content

യശസ്വി ജയ്സ്വലിനെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയ സംഭവത്തിൽ വിശദീകരണവുമായി രഹാനെ

ഇക്കഴിഞ്ഞ ദുലീപ് ട്രോഫി ഫൈനലിൽ സൗത്ത് സോണുമായി ഏറ്റുമുട്ടിയപ്പോൾ മത്സരത്തിന്റെ അഞ്ചാം ദിനം യുവതാരം യശസ്വി ജയ്സ്വലിനെ വെസ്റ്റ് സോണ് ക്യാപ്റ്റൻ അജിൻക്യ രഹാനെ ഗ്രൗണ്ടിൽ നിന്ന് പുറത്താക്കിയത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. എതിർ താരത്തെ അതിരുവിട്ട് സ്ലെഡ്‌ജ്‌ ചെയ്തതാണ് ഈ നീക്കത്തിലേക്ക് രഹാനെയെ എത്തിച്ചത്. ഗ്രൗണ്ടിൽ നിന്ന് പറഞ്ഞയക്കുന്നതിന് മുമ്പ് അമ്പയറും പല തവണ ജയ്സ്വാളിന് മുന്നറിയിപ്പ് നൽകിയിരുന്നു.

ഇപ്പോഴിതാ ഈ സംഭവവുമായി ബന്ധപ്പെട്ട് രഹാനെ മനസ്സ്തുറന്നിരിക്കുകയാണ്.
“കളിക്കാർ മത്സരത്തിന്റെ നിയമങ്ങൾ പാലിക്കുകയും, ഗെയിമിനെയും  എതിരാളികളെയും അമ്പയർമാരെയും ബഹുമാനിക്കുകയും വേണം. ഇല്ലെങ്കിൽ, നിങ്ങൾ കളത്തിൽ നിന്ന് ഇറങ്ങുക.  അതാണ് എന്റെ തത്വം. ഞാൻ എപ്പോഴും എന്റെ ക്രിക്കറ്റ് കളിച്ചത് അങ്ങനെയാണ്, ഞാൻ അത് തുടരും. അതുകൊണ്ട് ചില സംഭവങ്ങൾ ഒരു പ്രത്യേക രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ട്.” – രഹാനെ പറഞ്ഞു.

നാലാം ഇന്നിംഗ്‌സിന്റെ 50-ാം ഓവറിലാണ് ജയ്‌സ്വാൾ രവി തേജയുടെ അടുത്തേക്ക് ചെന്ന് പ്രകോപനപരമായ വാക്കുകൾ പറയുന്നത്.  57-ാം ഓവറിൽ വെസ്റ്റ് സോൺ താരം ജയ്സ്വൽ സ്വയം നിയന്ത്രിക്കാനാകാതെ സ്ലെഡ്ജിംഗ് തുടർന്നു. തുടർന്ന് ക്യാപ്റ്റൻ രഹാനെ ഇടപെടുകയായിരുന്നു. ഉടൻ തന്നെ യുവതാരത്തോട് പോകാൻ ആവശ്യപ്പെട്ടു. 65ആം ഓവറിൽ ജയ്സ്വലിനെ തിരികെ വിളിക്കുകയും ചെയ്തു.

അതേസമയം ഫൈനൽ മത്സരത്തിൽ വെസ്റ്റ് സോണ് 294 റൺസിന് വിജയിച്ചിരുന്നു. അവസാന ഇന്നിംഗ്‌സിൽ 529 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗത്ത് സോണിന് 234 റൺസ് മാത്രമാണ് നേടിയത്. രണ്ടാം ഇന്നിംഗ്‌സിൽ 323 പന്തിൽ നിന്ന് 4 സിക്‌സും 30 ഫോറും ഉൾപ്പെടെ 265 റൺസ് നേടിയ ജയ്സ്വലാണ് പ്ലേയർ ഓഫ് ദി മാച്ച്.