Skip to content

പറത്തിയത് നാല് സിക്സ്, അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കി ക്യാപ്റ്റൻ രോഹിത് ശർമ്മ

തകർപ്പൻ ബാറ്റിങ് പ്രകടനമാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. ഇന്ത്യ 6 വിക്കറ്റിന് വിജയിച്ച മത്സരത്തിൽ 20 പന്തിൽ 46 റൺസ് ഹിറ്റ്മാൻ നേടിയിരുന്നു. മത്സരത്തിലെ ഈ തകർപ്പൻ പ്രകടനത്തോടെ അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ തകർപ്പൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രോഹിത് ശർമ്മ.

നാല് സിക്സും നാല് ഫോറും ഓസ്ട്രേലിയൻ ബൗളർമാർക്കെതിരെ രോഹിത് ശർമ്മ അടിച്ചുകൂട്ടിയിരുന്നു. ഇതോടെ അന്താരാഷ്ട്ര ടി20യിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനായി രോഹിത് ശർമ്മ മാറി.

മത്സരത്തിലെ നാല് സിക്സ് അടക്കം 130 ഇന്നിങ്സിൽ നിന്നും 176 സിക്സ് ഹിറ്റ്മാൻ നേടിയിട്ടുണ്ട്. 117 ഇന്നിങ്സിൽ നിന്നും 172 സിക്സ് നേടിയ ന്യൂസിലൻഡ് ബാറ്റ്സ്മാൻ മാർട്ടിൻ ഗപ്റ്റിലിനെയാണ് രോഹിത് ശർമ്മ പിന്നിലാക്കിയത്. 124 സിക്സ് നേടിയ ക്രിസ് ഗെയ്ലും 120 സിക്സ് നേടിയ മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ഓയിൻ മോർഗനുമാണ് ഈ പട്ടികയിൽ രോഹിത് ശർമ്മയ്ക്കും മാർട്ടിൻ ഗപ്റ്റിലിനും പിന്നിലുള്ളത്.

മത്സരത്തിൽ 6 വിക്കറ്റിൻ്റെ ആവേശവിജയമാണ് ഇന്ത്യ കുറിച്ചത്. Wet ഔട്ട് ഫീൽഡ് മൂലം 8 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 91 റൺസിൻ്റെ വിജയലക്ഷ്യം 7.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. വിജയത്തോടെ പരമ്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. ഞായറാഴ്ച്ചയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.