Skip to content

തകർത്തടിച്ച് ഹിറ്റ്മാൻ, ഫിനിഷ് ചെയ്ത് ഡി കെ, ഓസ്ട്രേലിയക്കെതിരെ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം കുറിച്ച് ഇന്ത്യ. എട്ട് ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 6 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

നനഞ്ഞ ഔട്ട് ഫീൽഡ് മൂലം കളി രണ്ടര മണിക്കൂർ വൈകിയതിനെ തുടർന്നാണ് മത്സരം എട്ട് ഓവറാക്കി ചുരുക്കേണ്ടി വന്നത്. മത്സരത്തിൽ ഓസ്ട്രേലിയ ഉയർത്തിയ 91 റൺസിൻ്റെ വിജയലക്ഷ്യം ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തകർപ്പൻ ബാറ്റിങ് മികവിൽ 7.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു.

20 പന്തിൽ 4 ഫോറും 4 സിക്സും അടക്കം 46 റൺസ് നേടി തകർപ്പൻ പ്രകടനമാണ് രോഹിത് ശർമ്മ കാഴ്ച്ചവെച്ചത്. രാഹുൽ 6 പന്തിൽ 11 റൺസും കോഹ്ലി 6 പന്തിൽ 11 റൺസും ഹാർദിക് പാണ്ഡ്യ 9 റൺസും നേടി പുറത്തായപ്പോൾ ദിനേശ് കാർത്തിക് 2 പന്തിൽ ഒരു ഫോറും ഒരു സിക്സും അടക്കം 10 റൺസ് നേടി.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 പന്തിൽ 4 ഫോറും 3 സിക്സും അടക്കം പുറത്താകാതെ 43 റൺസ് നേടിയ മാത്യൂ വേഡ്, 14 പന്തിൽ 4 ഫോറും ഒരു സിക്സും അടക്കം 31 റൺസ് നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് എന്നിവരുടെ മികവിലാണ് 8 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 90 റൺസ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ രണ്ടോവറിൽ 13 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും ജസ്പ്രീത് ബുംറ ഒരു വിക്കറ്റും നേടി.

മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഓസ്ട്രേലിയക്കൊപ്പമെത്തി. സെപ്റ്റംബർ 26 ന് ഹൈദരാബാദിലാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്.