Skip to content

പന്തിനെ ഇറക്കിയാലോയെന്ന് ആലോചിച്ചിരുന്നു, പക്ഷേ അക്കാരണം കൊണ്ട് വേണ്ടെന്ന് വെച്ചു : ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

ഓസ്ട്രേലിയക്കെതിരായ രണ്ടാം ടി20 യിലെ റൺ ചേസിൽ ദിനേശ് കാർത്തിക്കിന് മുൻപേ റിഷഭ് പന്തിനെ ഇറക്കിയാലോയെന്ന് താൻ ആലോചിച്ചിരുന്നുവെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. പക്ഷേ മറ്റൊരു കാരണം കൊണ്ട് ദിനേശ് കാർത്തിക്കിനെ തന്നെ ഇറക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും മത്സരശേഷം രോഹിത് ശർമ്മ വെളിപ്പെടുത്തി.

മത്സരത്തിലെ ഏഴാം ഓവറിലെ അഞ്ചാം പന്തിൽ ഹാർദിക് പാണ്ഡ്യ പുറത്തായതോടെയാണ് അഞ്ചാമനായി ഡി കെ ക്രീസിലെത്തിയത്. 7 പന്തിൽ 13 റൺസ് വേണമെന്നിരിക്കെ ഓവറിലെ ആറാം പന്തിൽ രോഹിത് ശർമ്മ ഫോർ നേടിയതോടെ അവസാന ഓവറിൽ ദിനേശ് കാർത്തിക് സ്ട്രൈക്ക് നേരിടേണ്ടതായിവന്നു.

അവസാന ഓവറിൽ 9 റൺസ് വേണമെന്നിരിക്കെ ഡാനിയൽ സാംസിനെതിരെ ആദ്യ പന്തിൽ സിക്സ് പറത്തിയ ഡി കെ തൊട്ടടുത്ത പന്തിൽ ഫോർ പായിച്ചുകൊണ്ട് ഇന്ത്യയെ വിജയത്തിലെത്തിക്കുകയും ചെയ്തു.

” ഡി കെയ്‌ക്ക് നന്നായി ഫിനിഷ് ചെയ്യാൻ സാധിച്ചതിൽ സന്തോഷമുണ്ട്. അവന് ക്രീസിൽ സമയം ലഭിച്ചിട്ട് ഏറെ നാളുകളായിരിക്കുന്നു. റിഷഭ് പന്തിനെ ഇറക്കണമെന്ന ചില ചിന്തകൾ മനസ്സിലുണ്ടായിരുന്നു. പക്ഷേ സാംസ് ഓഫ് കട്ടറുകൾ എറിയുമെന്ന് എനിക്ക് തോന്നി. അതുകൊണ്ട് തന്നെ ഡി കെ തന്നെ വരട്ടെയെന്ന് തീരുമാനിച്ചു. എന്തായാലും അവൻ തന്നെയാണ് ഈ ജോലി കൈകാര്യം ചെയ്യേണ്ടത്. ” മത്സരശേഷം രോഹിത് ശർമ്മ പറഞ്ഞു.